
നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. വ്യവസായിൽ നിന്ന് 60 കോടി വാങ്ങി തിരികെ നൽകാതെ വഞ്ചിച്ചതായാണ് കേസ്. താര ദമ്പതികൾക്കെതിരെ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
വ്യവസായി ദീപക് കോത്താരിയുടെ പരാതി നൽകിയത്. 2015-2016 കാലഘട്ടത്തിൽ ദമ്പതികൾ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ബെസ്റ്റ് ഡീൽ ടിവിയുടെ ഡയറക്ടർമാരായിരുന്നു. അന്ന് കമ്പനിയിൽ 87% ഓഹരികൾ ശിൽപ്പ ഷെട്ടിയുടെ കൈവശമുണ്ടായിരുന്നു. ബിസിനസ് വിപുലീകരണത്തിനായാണ് ദീപക് കോത്താരി 60.48 കോടി രൂപ ദമ്പതികൾക്ക് നൽകിയത്.
2015 ഏപ്രിലിൽ ആദ്യ ഗഡുവായി 31.95 കോടി രൂപ കൈമാറി. തുടർന്ന് 2016 മാർച്ചിൽ 28.54 കോടി രൂപയും നൽകി. കുറച്ച് മാസങ്ങൾക്കുശേഷം, സെപ്റ്റംബറിൽ, ശിൽപ്പ ഷെട്ടി കമ്പനിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജിവച്ചു. പിന്നാലെ, കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് രജിസ്റ്റർ ചെയ്തു.
ഇതിനെ തുടർന്ന്, താൻ നിക്ഷേപിച്ച തുക തിരികെ ലഭിക്കാൻ കോത്താരി താര ദമ്പതികളുമായി ബന്ധപ്പെട്ടു. എന്നാൽ, അവർ പണം തിരികെ നൽകിയില്ല.











