75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ, നിരവധി സംരംഭങ്ങൾ ഉദ്ഘാടനം ചെയ്യും

75–ാം ജന്മദിനത്തിൽ മധ്യപ്രദേശിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ആദിവാസി ക്ഷേമം, വ്യവസായം എന്നിവ ഉൾപ്പെടെ നിരവധി പ്രധാന സംരംഭങ്ങൾ പ്രധാനമന്ത്രി ഇന്ന് സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും. സ്വസ്ത് നാരി സശക്ത് പരിവാർ’, ‘രാഷ്ട്രീയ പോഷൻ മാഹ്’ എന്നീ കാമ്പെയ്‌നുകൾ അദ്ദേഹം ഉച്ചയ്ക്ക് 12 മണിയോടെ ധാറിൽ ഉദ്ഘാടനം ചെയ്യും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആരോഗ്യസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രചാരണപരിപാടിയാണ്‌ സ്വസ്ത് നാരി സശക്ത് പരിവാർ. ഈ പ്രത്യേക കാമ്പെയ്ന്‍ രാജ്യമെമ്പാടും സംഘടിപ്പിക്കും.

ആദി കർമ്മയോഗി അഭിയാൻ പ്രകാരം ഗോത്ര മേഖലകളിൽ ‘ആദി സേവ പർവ്’ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ധാറിൽ 2,150 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പിഎം മിത്ര പാർക്കിനും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. പ്രധാനമന്ത്രി മാതൃ വന്ദന യോജന പ്രകാരം 10 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രി ഇന്ന് നേരിട്ട് തുക കൈമാറുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.