
ഭൂട്ടാൻ വാഹനക്കടത്തിൽ നടൻ അമിത് ചക്കാലക്കലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഏഴ് വാഹനങ്ങളായിരുന്നു അമിത് ചക്കാലക്കലില്‍ നിന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങളിൽ ദുരൂഹത ഉണ്ട് എന്നാണ് കസ്റ്റംസ് വിലയിരുത്തൽ. നടനെ നോട്ടീസ് നല്കി വിളിച്ചു വരുത്തുമെന്നാണ് വിവരം. അസം സ്വദേശിയായ മാഹിന്‍ അന്‍സാരി എന്നയാളെ കുറിച്ചും കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊച്ചി കുണ്ടന്നൂരില്‍ നിന്നും ഇന്നലെ പിടികൂടിയ ലാന്‍ഡ് ക്രൂയിസര്‍ തന്റെ ഉടമസ്ഥതയിലുള്ള വണ്ടിയെന്ന് നടന് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഗോവയില്‍ നിന്ന് അഞ്ചുവര്‍ഷം മുന്‍പാണ് 99 മോഡല്‍ ലാന്‍ഡ് ക്രൂയിസര്‍ വാങ്ങിയതെന്നും മറ്റ് വാഹനങ്ങള്‍ അറ്റകുറ്റപണിക്കായി വര്‍ക്ക് ഷോപ്പിലെത്തിയവയാണെന്നുമാണ് അമിത് പറഞ്ഞത്.എന്നാല്‍ അമിത് ചക്കാലക്കലിന് വാഹനഇടപാടുമായി ബന്ധമുണ്ടെന്നും താരങ്ങള്‍ക്കടക്കം ഇത്തരത്തില്‍ കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ എത്തിച്ചുനല്‍കിയതില്‍ മുഖ്യഇടനിലക്കാരന്‍ അമിത് ആണെന്നുമാണ് കസ്റ്റംസ് പറയുന്നത്. കഴിഞ്ഞ ദിവസം രണ്ടുമണിക്കൂറോളം നടനെ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ സ്ഥലങ്ങളിലും ഇന്ന് പരിശോധനക്ക് സാധ്യതയുണ്ട്.











