
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച് ലോകത്തെ അഭിസംബോധന ചെയ്ത മാതാ അമൃതാനന്ദമയിയുടെ ചരിത്രനിമിഷത്തിന്‍റെ രജതജൂബിലി ആഘോഷ വേളയിൽ സംസ്ഥാന സർക്കാർ ആദരവുമായി മുന്നോട്ടുവന്നു.
അമൃത വിശ്വവിദ്യാപീഠം, അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സർക്കാരിന് വേണ്ടി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മാതാ അമൃതാനന്ദമയിയെ ആദരിച്ചു.
72-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അമൃതവർഷം വേദിയിൽ, “കൈരളിയുടെ ശബ്ദം ലോകത്തിന് മുന്നിൽ മുഴങ്ങിക്കേട്ട നിമിഷം” വീണ്ടും പുനരാവിഷ്‌കരിക്കപ്പെട്ടപ്പോൾ, അമൃതപുരിയിൽ എത്തിയ ആയിരങ്ങൾ അതിന് സാക്ഷിയായി.
ലോകം മുഴുവൻ സേവനത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രകാശം പരത്തുന്ന അമ്മ, കേരളത്തിലെ സാംസ്കാരിക മൂല്യങ്ങളെ മാതൃഭാഷയായ മലയാളത്തിലൂടെ ലോകത്തിനുമുന്നിൽ എത്തിച്ചതാണെന്ന് സജി ചെറിയാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
“മലയാളത്തിന്റെ ശക്തിയും സംസ്കാരത്തിന്റെയും മഹിമയും ലോകത്തിന് മുന്നിൽ തെളിയിക്കാനായത് അമ്മയ്ക്കാണ്. നമ്മുടെ ഭാഷയെ വിസ്മരിക്കുന്നവർക്ക് തന്നെയാണ് അമ്മ സന്ദേശം നൽകിയത്. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ അമ്മയെ ആദരിക്കുന്നത്. ഇത് ഒരു ആദരവുമാത്രമല്ല, സാംസ്കാരിക ഉണർവുമാണ്,” എന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി തന്റെ ആശംസയും ആദരവും ചടങ്ങിൽ അറിയിച്ചു.











