മമ്മൂട്ടിയുടെ ഗ്രാൻഡ് റിട്ടേൺ; ഹൈദരാബാദിൽ ‘പേട്രിയറ്റ്’ ചിത്രീകരണം ആരംഭിച്ചു

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്‌ക്ക് മുന്നിലെത്തുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രമായ ‘പേട്രിയറ്റ്’ ഇപ്പോൾ ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. രാവിലെ 9 മണിക്ക് ശേഷം മമ്മൂട്ടി ലൊക്കേഷനിൽ എത്തും. നിലവിൽ താരം ഹൈദരാബാദിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസം. നഗരത്തിലെ നാല് പ്രധാന സ്ഥലങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. സംവിധായകൻ മഹേഷ് നാരായണൻ നേരത്തേ തന്നെ ലൊക്കേഷനിൽ എത്തിയിട്ടുണ്ട്. ആദ്യ ഷെഡ്യൂളിന്റെ ഭാഗമായി തെലങ്കാന സർക്കാരിന്റെ ട്രാൻസ്‌പോർട് ആസ്ഥാനമായ ബസ് ഭവനിൽ മമ്മൂട്ടി ക്യാമറയ്‌ക്ക് മുന്നിലെത്തും.

മമ്മൂട്ടി–മോഹൻലാൽ കൂട്ടുകെട്ടിനായി പ്രേക്ഷകർ കാത്തിരിപ്പ്

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ ‘പേട്രിയറ്റ്’ മലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകനായ മനുഷ് നന്ദൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

നിർമ്മാണവും പ്രധാന സംഘവും

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. സി.ആർ. സലിം, സുഭാഷ് ജോർജ് എന്നിവർ സഹനിർമ്മാതാക്കളാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി.വി. സാരഥി.
പ്രൊഡക്ഷൻ ഡിസൈൻ – ജോസഫ് നെല്ലിക്കൽ,
മേക്കപ്പ് – രഞ്ജിത്ത് അമ്പാടി,
വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ – ലിനു ആന്റണി,
അസോസിയേറ്റ് ഡയറക്ടർ – ഫാന്റം പ്രവീൺ.

രാജ്യാന്തര ലൊക്കേഷനുകൾ

‘പേട്രിയറ്റ്’ ശ്രീലങ്ക, അബുദാബി, അസർബൈജാൻ, തായ്‌ലൻഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡൽഹി, കൊല്ലി തുടങ്ങി വിവിധ ദേശങ്ങളിലും ചിത്രീകരിക്കപ്പെടും.