
ഇഷിത് ഭട്ടിനെ പിന്തുണച്ച് ഗായിക ചിന്മയി ശ്രീപദ. അമിതാഭ് ബച്ചന് അവതരിപ്പിക്കുന്ന ജനപ്രിയ ടെലിവിഷന്‍ ഷോയായ ‘കോന്‍ ബനേഗാ ക്രോര്‍പതി’യുടെ കിഡ്സ് സെക്ഷനിൽ പങ്കെടുത്ത ഗുജറാത്ത് സ്വദേശി ഇഷിത് ഭട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാവിഷയം.
ഷോയിലുടനീളം അമിതാത്മവിശ്വാസം പ്രകടിപ്പിക്കുകയും വളരെ വേഗം തന്നെ പുറത്താകുകയും ചെയ്ത ഈ വിദ്യാര്‍ഥിക്കെതിരെ ഒട്ടേറെ പരിഹാസശരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ഇഷിതിനെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ.

സോഷ്യല്‍ മീഡിയയിലെ മുതിര്‍ന്ന ആളുകള്‍ ഏറ്റവും നീചമായ ഭാഷയിലാണ് കുട്ടിയെ അധിക്ഷേപിച്ചതെന്ന് പറഞ്ഞ ചിന്മയി, കഫ്സിറപ്പ് കഴിച്ച് കുഞ്ഞുങ്ങള്‍ മരിച്ചപ്പോള്‍ ഈ രോഷമൊന്നും കണ്ടില്ലല്ലോ എന്നും ചോദിച്ചു. എക്സ് പോസ്റ്റിലൂടെയായിരുന്നു ഗായികയുടെ പ്രതികരണം. ഇന്റര്‍നെറ്റിലെ ഏറ്റവും വെറുക്കപ്പെട്ട കുട്ടി’ എന്ന ക്യാപ്ഷനോടെ ഇഷിതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ചിന്മയി തന്റെ വിമർശനം കുറിച്ചത്. ചിന്മയിയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് പോസ്റ്റില്‍ കമന്റുകളിട്ടത്.











