
താന്‍ ചിട്ടപ്പെടുത്തിയ പഴയ പാട്ടുകള്‍ അനുവാദമില്ലാതെ ഉള്‍പ്പെടുത്തിയതിന് ‘ഡ്യൂഡ്’ എന്ന തമിഴ് ചിത്രത്തിന് എതിരെ സംഗീത സംവിധായകന്‍ ഇളയരാജ. പകർപ്പവകാശം ലംഘിക്കപ്പെട്ടു എന്ന് കാട്ടിയാണ് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ഈ ചിത്രത്തിന് എതിരെ ഇളയരാജ കോടതിയെ സമീപിച്ചത്.
കേസുമായി മുന്നോട്ടുപോകാന്‍ മദ്രാസ് ഹൈക്കോടതി സംഗീത സംവിധായകന് അനുമതിയും നല്‍കി. ദീപാവലി റിലീസ് ആയി എത്തിയ പ്രദീപ് രംഗനാഥന്‍-മമിതാ ബജു ചിത്രം 100 കോടി കളക്ഷന്‍ നേടി മുന്നോട് പോകുമ്പോഴാണ് ഇളയരാജയുടെ വക ഈയൊരു നിയമനടപടി.
സോണി മ്യൂസിക്ക് എന്റർടൈൻമെന്റിന് എതിരെ മദ്രാസ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ വാദം കേള്‍ക്കവെയാണ് ‘ഡ്യൂഡ്’ സിനിമയിലും സമ്മതം കൂടാതെ പഴയ ഗാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇളയരാജയുടെ അഭിഭാഷകന്‍ പ്രഭാകരന്‍ ചൂണ്ടിക്കാട്ടിയത്. പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുമ്പോള്‍ തന്നെ ഇളയരാജയുടെ ഗാനങ്ങള്‍ അനുവാദമില്ലാതെ സിനിമകളില്‍ ഉപയോഗിച്ചു വരികയാണെന്ന് പ്രഭാകരന്‍ ചൂണ്ടിക്കാട്ടി.
നേരത്തെ, അജിത് കുമാർ നായകനായ ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിലെ തന്റെ ഗാനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇളയരാജ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് ചിത്രത്തിന്റെ പ്രദർശനം കോടതി വിലക്കി. ഗാനങ്ങൾ ഒഴിവാക്കിയ ശേഷം വീണ്ടും ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു.











