ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ 803 കോടി ക്ലബ്ബിൽ, ആഗോളതലത്തിൽ റെക്കോർഡ് കളക്ഷൻ

ഋഷഭ് ഷെട്ടിയുടെ മികവുറ്റ സൃഷ്ടിയായ ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ ആഗോള ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ലോകതലത്തിൽ ഇതുവരെ ചിത്രം നേടിയിട്ടുള്ളത് ഏകദേശം ₹803 കോടി രൂപ. ദീപാവലി ദിനത്തിൽ മാത്രം ₹11 കോടി രൂപയുടെ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചതെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കേരളത്തിൽ നിന്നുമാത്രം ₹55 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഈ കണക്കുകൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സ്ഥിരീകരിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. വിദേശ വിപണികളിൽ നിന്ന് മാത്രം ₹108 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്.

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ 2025 ഒക്ടോബർ 2-നാണ് പ്രദർശനത്തിനെത്തിയത്. റിലീസിനുശേഷം ദിവസങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിന്റെ കളക്ഷൻ നിരന്തരമായ വളർച്ചയിലാണ്, എല്ലാ ഭാഷകളിലും മികച്ച സ്വീകരണമാണെന്ന് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു.

‘കാന്താര: ചാപ്റ്റർ 1’ ഒരു സിനിമ മാത്രമല്ല; അത് പാരമ്പര്യത്തിന്റെ, വിശ്വാസത്തിന്റെ, മനുഷ്യ വികാരങ്ങളുടെ ആഴത്തിലുള്ള പ്രതിഫലനമാണ്. കേരളത്തിലെ പ്രേക്ഷകർ നൽകിയ പിന്തുണയും സ്‌നേഹവും ഞങ്ങളെ അതീവ സന്തോഷിപ്പിക്കുന്നു. ഭാഷയുടെ അതിരുകൾ കടന്ന് സിനിമയെ സ്വീകരിച്ച ഈ സ്‌നേഹമാണ് കാന്താരയെ ഇത്രയും സ്വീകാര്യമാക്കിയത്,” — ഹോംബാലെ ഫിലിംസിന്റെ സ്ഥാപകനായ വിജയ് കിരഗന്ദൂർ പറഞ്ഞു.

സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയും തന്റെ നന്ദി പ്രകടിപ്പിച്ചു:കേരളം എപ്പോഴും നല്ല സിനിമയെ മനസ്സോടെ സ്വീകരിക്കുന്ന നാടാണ്. ഞങ്ങളുടെ സിനിമയോട് കാണിച്ച സ്‌നേഹത്തിനും ആദരവിനും ഞാൻ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു,” — ഋഷഭ് ഷെട്ടി പറഞ്ഞു.

ഋഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്‍മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. 2024-ൽ ‘കാന്താര’യിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും, മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.