മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു; പ്രഖ്യാപിച്ച് എം. രഞ്ജിത്

‘തുടരും’ എന്ന വിജയചിത്രത്തിന് ശേഷം നടൻ മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും കൈകോർക്കുന്നു. ഈ വിവരം ‘തുടരും’ ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയിൽ നിർമാതാവ് എം. രഞ്ജിത്ത് പ്രഖ്യാപിച്ചു. പുതിയ സിനിമയും രഞ്ജിത്തിന്റെ രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ തന്നെയായിരിക്കും പുറത്തിറങ്ങുക.

വേദിയിൽ എം. രഞ്ജിത്ത് വ്യക്തമാക്കിയതുപോലെ, തരുൺ മൂർത്തിയുടെ അടുത്ത സിനിമയിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ഇതിനിടെ, ‘തുടരും 2’ എന്ന പേരിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ടുകൊണ്ട്, പുതിയ ചിത്രം പൂർണ്ണമായും പുതിയ കഥാപശ്ചാത്തലത്തിൽ ഒരുക്കപ്പെടും എന്നതാണ് ലഭ്യമായ സൂചന.

മോഹൻലാലിനൊപ്പമുള്ള ഒരു സിനിമയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് തരുൺ മൂർത്തി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. “ലാലേട്ടനൊപ്പം ഒരു സിനിമയുടെ രൂപകൽപന നടക്കുകയാണ്. കഥ തിരഞ്ഞെടുക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ‘തുടരും’ രണ്ടാമഭാഗം ഇപ്പോൾ ആലോചിക്കുന്നില്ല, അത് സ്വതന്ത്രമായ ഒരു ചിത്രമായി തന്നെ നിലനിൽക്കും,” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.