
മണിക്കൂറുകളായി ഹൃദയമിടിപ്പോടെ മലയാള സിനിമാ പ്രേക്ഷകർ കാത്തിരുന്ന ആ പ്രഖ്യാപനം സംഭവിച്ചിരിക്കുന്നു. 55ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശൂരിലെ രാമനിലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഇത്തവണത്തെ അവാർഡുകൾ പ്രഖ്യാപിച്ചത്. എല്ലാവരും ആകാംക്ഷയോടെ കേൾക്കാൻ കാത്തിരുന്നത് മികച്ച നടനും നടിയും ആരെന്നറിയാൻ ആയിരുന്നു.

മികച്ച നടൻ ആയി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു മികച്ച നടിയായി ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംലഹംസ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 1 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് മികച്ച അഭിനേതാക്കൾക്ക് ലഭിക്കുന്നത്. കടുത്ത മത്സരങ്ങളാണ് സഹ മത്സരാർത്ഥികൾക്കൊപ്പം ഇരു താരങ്ങളും കാഴ്ച്ച വെച്ചത്. കടുത്ത മത്സരത്തിനൊപ്പം പ്രേക്ഷകർ ഏറ്റവും കാത്തിരുന്നത് മികച്ച നടൻ ആരെന്നറിയാൻ തന്നെ ആയിരുന്നു. ഒടുവിൽ പ്രേക്ഷകരുടെ മനസ് ആഗ്രഹിച്ചതുപോലെ ആ താരത്തിന്റെ കൈകളിലേക്ക്. 55ആമത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തം.
ഇത് ഏഴാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്.മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി.മികച്ച സംവിധായകനുള്ള പുരസ്കാരം ചിദംബരം നേടി. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രമാണ് ചിദംബരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി.
200 കോടി ക്ലബ്ബില്‍ കയറി മുന്നേറിയ മഞ്ഞുമ്മല്‍ ബോയ്സ് സംസ്ഥാന പുരസ്കാരവേട്ടയിലും ഗംഭീര പ്രകടനം കാഴ്ച വച്ചു. മികച്ച ചിത്രം, സംവിധായകൻ, സ്വഭാവനടൻ, ഛായാഗ്രാഹകൻ, തിരക്കഥ, കലാസംവിധാനം, ഗാനരചയിതാവ്, ശബ്ദമിശ്രണം, ശബ്ദരൂപകൽപന, കളറിസ്റ്റ് എന്നിങ്ങനെ 10 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.











