
നടൻ ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിന് പ്രിവ്യൂ ഷോകളിൽ മികച്ച പ്രതികരണം. കഴിഞ്ഞ ദിവസം ചെന്നൈയിൽ മാധ്യമങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമായി സംഘടിപ്പിച്ച പ്രത്യേക ഷോ കണ്ട പ്രേക്ഷകർ ചിത്രത്തെ ‘ദുൽഖർ സൽമാന്റെ കരിയർ ബെസ്റ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. സെൽവമണി സെൽവരാജ് രചിച്ച് സംവിധാനം ചെയ്ത ചിത്രം നാളെ (നവംബർ 14) മുതൽ ലോകമെമ്പാടും റിലീസ് ചെയ്യും.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ് ‘കാന്ത’ നിർമ്മിച്ചിരിക്കുന്നത്. വേഫെറർ ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
1950-കളിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ഈ ക്ലാസിക് ഡ്രാമയിൽ, നടപ്പ് ചക്രവർത്തി എന്നറിയപ്പെടുന്ന ടി.കെ. മഹാദേവൻ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. ആദ്യ പകുതിയിൽ ക്ലാസിക് ഡ്രാമയായി സഞ്ചരിക്കുന്ന ചിത്രം, രണ്ടാം പകുതിയിൽ ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി മാറുന്നു എന്നാണ് പ്രിവ്യൂ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദുൽഖറിനൊപ്പം ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവരുടെ പ്രകടനങ്ങളും പ്രശംസ നേടുന്നുണ്ട്. സമുദ്രക്കനി സംവിധായകനായും റാണ ദഗ്ഗുബതി പോലീസ് ഓഫീസറായും ചിത്രത്തിലെത്തുന്നു. തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ‘കാന്ത’യിലൂടെ ദുൽഖർ സൽമാനെ തേടി നിരവധി അംഗീകാരങ്ങൾ എത്തുമെന്നും നിരൂപകർ അഭിപ്രായപ്പെടുന്നു.











