
സുഹൃത്തിന് പൗരോഹിത്യം ലഭിച്ചതിൽ സന്തോഷവും അഭിമാനവും പങ്കുവെച്ച് നടി അനുശ്രീ. പൗരോഹിത്യ പട്ടം സ്വീകരിക്കുന്ന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് അനുശ്രീ തന്റെ സുഹൃത്തിന് വൈകാരികമായ ആശംസകൾ നേർന്നത്.
വർഷങ്ങളുടെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ഒടുവിലാണ് സുഹൃത്ത് ‘സച്ചു’ പൗരോഹിത്യത്തിലേക്ക് കടക്കുന്നതെന്നും, ആ യാത്രയിൽ ഒരു നല്ല സുഹൃത്തായി കൂടെ നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അനുശ്രീ കുറിച്ചു. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് നേരിട്ട് കാണുന്നതെന്നും നടി കൂട്ടിച്ചേർത്തു.
അനുശ്രീ പങ്കുവെച്ച കുറിപ്പിലെ ശ്രദ്ധേയമായ ഭാഗം ഇതാണ്: “സച്ചുവേ… ഒരുപാട് സന്തോഷം. ഒരുപാട് അഭിമാനം. കാരണം എത്രത്തോളം വർഷത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ഒടുവിലാണ് നീ ഈ പൗരോഹിത്യത്തിലേക്ക് കടക്കുന്നതെന്ന് എനിക്കറിയാം. ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി നല്ല പുത്രനായി ദൈവത്തോട് ചേർന്ന് നിന്ന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ നിനക്ക് കഴിയട്ടെ. ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം.
പൗരോഹിത്യം എന്ന വലിയ സ്വപ്നം സഫലമായതിൽ സുഹൃത്തിനെ ഓർത്ത് എന്നും അഭിമാനിക്കുമെന്നും അനുശ്രീ തന്റെ പോസ്റ്റിലൂടെ അറിയിച്ചു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളിൽ സുഹൃത്തിന് ആശംസകൾ നേരുന്ന സന്തോഷവതിയായ അനുശ്രീയെ കാണാം.











