
തിരുവനന്തപുരം കോർപ്പറേഷൻ മേയറും സി.പി.എം. നേതാവുമായ ആര്യ രാജേന്ദ്രൻ തന്റെ രാഷ്ട്രീയ പ്രവർത്തന കേന്ദ്രവും താമസവും കോഴിക്കോട് ജില്ലയിലേക്ക് മാറ്റാൻ താൽപര്യം പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച ആവശ്യം സി.പി.എം. നേതൃത്വത്തിന്റെ സജീവ പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ.
ബാലുശ്ശേരി എം.എൽ.എ. കെ.എം. സച്ചിൻദേവാണ് ആര്യ രാജേന്ദ്രന്റെ ജീവിത പങ്കാളി. നിലവിൽ മേയറായ ആര്യ തിരുവനന്തപുരത്തും എം.എൽ.എ.യായ സച്ചിൻദേവ് കോഴിക്കോട്ടുമാണ് താമസം. ഇരുവർക്കും അവരവരുടെ ഔദ്യോഗിക പദവികൾ കാരണം ജില്ലകൾ വിട്ടുനിൽക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കുടുംബ ജീവിതവും രാഷ്ട്രീയ ചുമതലകളും ഒരുമിച്ച് കൊണ്ടുപോകുന്നതിനായി മേയർക്ക് കോഴിക്കോട്ടേക്ക് മാറാൻ താൽപര്യമുള്ളത്.
ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന നിലയിൽ 21-ാം വയസ്സിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷന്റെ തലപ്പത്തെത്തിയത്. 2022 സെപ്റ്റംബറിൽ മേയറായിരിക്കെയാണ് എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന സച്ചിൻദേവുമായി വിവാഹം നടന്നത്. ഈ ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു കുഞ്ഞുണ്ട്. നിലവിൽ സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ രാജേന്ദ്രൻ.
അടുത്തിടെ, മികച്ച മേയറാണ് ആര്യയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രശംസിച്ചിരുന്നു. മേയറായിരുന്നവരെ ഡെപ്യൂട്ടി മേയറാക്കാൻ മത്സരിപ്പിക്കില്ലെന്നും നിയമസഭയിലേക്കോ പാർലമെന്റിലേക്കോ ആണ് പരിഗണിക്കുകയെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്, ആര്യയുടെ മേയർ സ്ഥാനത്തിന് ശേഷമുള്ള രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള സൂചനയായി വിലയിരുത്തപ്പെടുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതാവ് എന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെ മറ്റ് ജില്ലകളിലെ സംഘടനാ പരിപാടികളിലും ആര്യ സജീവമാണ്.











