ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച

ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച വരുത്തിക്കൊണ്ട് ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിലും ആക്രമണത്തിലും കലാശിച്ചു. സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവർമാർക്ക് പരിക്കേൽക്കുകയും, അക്രമി വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ ടെർമിനൽ ഒന്നിലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപമാണ് സംഘർഷമുണ്ടായത്.

ടാക്സി ഡ്രൈവറായ സുഹൈൽ (ജയനഗർ സ്വദേശി) ആണ് രണ്ട് സഹ ഡ്രൈവർമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. തർക്കം രൂക്ഷമായതോടെ ഇയാൾ വടിവാൾ വീശുകയും അതീവ സുരക്ഷാ മേഖലയായ വിവിഐപി ഭാഗത്തേക്ക് ഓടിക്കയറാൻ ശ്രമിക്കുകയും ചെയ്തു.

ഉടൻ തന്നെ സ്ഥലത്തെത്തിയ സി.ഐ.എസ്.എഫ് (CISF) ഉദ്യോഗസ്ഥർ സാഹസികമായി ഇടപെട്ട് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. . വിമാനത്താവളത്തിന്റെ ഉള്ളിൽ ഒരാൾ വടിവാളുമായി പ്രവേശിക്കുകയും അതീവ സുരക്ഷാ മേഖലയിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയും ചെയ്ത സംഭവം വലിയ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. കേസിൽ ടാക്സി ഡ്രൈവർ സുഹൈലിനെ പോലീസ് അറസ്റ്റ് ചെയ്തു.