
മനോരമ ന്യൂസ് മേക്കർ പുരസ്‌കാര വേദിയിൽ വൈകാരികമായി സംസാരിച്ച് നടൻ
രാഷ്ട്രീയ നിലപാടുകൾ തന്റെ സിനിമാ ജീവിതത്തിലെ അംഗീകാരങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി. മനോരമ ന്യൂസ് മേക്കർ പുരസ്‌കാരം ഏറ്റുവാങ്ങവെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. തന്റെ രാഷ്ട്രീയ ഇടപെടലുകൾ കാരണം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ചില സിനിമകൾക്ക് അർഹിച്ച അംഗീകാരം ലഭിക്കാതെ പോയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“വർഷങ്ങൾക്കു ശേഷം വീണ്ടും ഡൽഹിയിൽ പുരസ്‌കാരം സ്വീകരിക്കാൻ എത്തിയത് വലിയ ആശ്വാസമാണ്. 2014 മാർച്ച് 5ന് ‘അപ്പോത്തിക്കിരി’യുടെ സെറ്റിൽ നിന്ന് ഷൂട്ടിംഗ് നിർത്തിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പോയതിന് ശേഷം എന്റെ സിനിമാ ജീവിതത്തിലെ തിളക്കത്തിന് വിഘാതങ്ങൾ ഉണ്ടായി. ‘അപ്പോത്തിക്കിരി’ കേന്ദ്ര ജൂറി കണ്ടോ എന്ന് പോലും എനിക്ക് സംശയമുണ്ട്. കേരളത്തിലെ കടമ്പ കടന്ന് ആ സിനിമ എത്തിയില്ല,” സുരേഷ് ഗോപി പറഞ്ഞു.
ബിജു മേനോന് നഷ്ടപ്പെട്ട അവാർഡ്
‘പാപ്പൻ’, ‘കാവൽ’, ‘വരനെ ആവശ്യമുണ്ട്’, ഏറ്റവും ഒടുവിൽ ‘ഗരുഡൻ’ തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങൾക്ക് അവാർഡ് കിട്ടാതിരുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ഗരുഡൻ’ സിനിമയിലെ പ്രകടനത്തിന് പാവം ബിജു മേനോന് ഒരുപക്ഷേ അഭിനയത്തിനുളള അവാർഡ് കിട്ടിയേനെ എന്നും, തന്റെ രാഷ്ട്രീയം അതിന് തടസ്സമുണ്ടാക്കി എന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു യൂണിയൻ മിനിസ്റ്റർ എന്ന നിലയിലല്ല, ഒരു കലാകാരനായി ആ സിനിമ കേന്ദ്ര ജൂറിയെ കാണിക്കണമെന്ന് താൻ അഭ്യർഥിച്ചെങ്കിലും അപേക്ഷ നിരസിച്ചു. “ഞാൻ യൂണിയൻ മിനിസ്റ്ററായതുകൊണ്ടും ആ സിനിമയുടെ ഭാഗമായതുകൊണ്ടും ഈ അപേക്ഷ പരിഗണിക്കില്ലെന്നായിരുന്നു മറുപടി. എന്റെ സർക്കാരിന്റെ നട്ടെല്ലിനെ ഞാൻ ബഹുമാനിക്കുന്നു, അതിൽ സങ്കടമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പുരസ്‌കാരം ഡൽഹിയിൽ വച്ച് സ്വീകരിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടത് വേദന തന്നെയാണ്. എന്നാൽ, തനിക്ക് ലഭിച്ച ‘ഭരത്’ അവാർഡ് ധാരാളമാണെന്നും, ഒരു പത്മ പുരസ്‌കാരത്തിന് വേണ്ടി താൻ ഇതുവരെ അപേക്ഷിച്ചിട്ടില്ലെന്നും ഇനി അപേക്ഷിക്കുകയുമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.











