ഹൃദയാഘാതം: അവതാരകൻ രാജേഷ് കേശവന് പ്രതീക്ഷ നൽകുന്ന പുരോഗതി; സുഹൃത്തുക്കൾക്കൊപ്പം പ്രേക്ഷകരും പ്രാർത്ഥനയിൽ

ഗുരുതരമായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പ്രമുഖ അവതാരകനും നടനുമായ രാജേഷ് കേശവൻ്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സ തുടരുന്ന രാജേഷ് കേശവനെക്കുറിച്ചുള്ള പുതിയ വാർത്തകൾ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ പ്രതാപ് ജയലക്ഷ്മിയാണ് പങ്കുവെച്ചത്.

വെല്ലൂരിൽ ചികിത്സ ആരംഭിച്ചിട്ട് ഏകദേശം രണ്ടു മാസമായെന്നും രാജേഷിനെ ഉണർവോടെ നിലനിർത്താനുള്ള ശ്രമങ്ങൾ ഫലപ്രദമാകുന്നുണ്ടെന്നും പ്രതാപ് പറയുന്നു. പ്രിയപ്പെട്ട സുഹൃത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ട് 87 ദിവസമായി. ഈ ദിവസങ്ങളിൽ അദ്ദേഹത്തിൻ്റെ ലോകം അറിഞ്ഞതും അറിയാത്തതുമായ നിരവധി കാര്യങ്ങൾ പ്രതാപ് പങ്കുവെച്ചു.

“അവൻ ഹോസ്റ്റ് ചെയ്ത ‘ലോക’ എന്ന പരിപാടി 300 കോടി ക്ലബ്ബിൽ കയറിയതും, മമ്മൂട്ടി രോഗമുക്തനായി സിനിമയിൽ സജീവമായതും, മോഹൻലാൽ ഫാൽക്കെ അവാർഡ് നേടിയതുമെല്ലാം ഞങ്ങൾ രാജേഷിനോട് പറഞ്ഞു. അവൻ്റെ സിനിമ, സുരേഷ് ഗോപിക്കൊപ്പമുള്ള ‘ഒറ്റക്കൊമ്പനി’ലെ സീനുകൾ വേദനയോടെ ഒഴിവാക്കേണ്ടിവന്ന കാര്യം മാത്രം അവനെ അറിയിച്ചിട്ടില്ല,” പ്രതാപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

സിനിമ, സംഗീതം, യാത്ര, ഭക്ഷണം തുടങ്ങിയ ഇഷ്ടവിഷയങ്ങൾ സംസാരിച്ചാണ് സുഹൃത്തുക്കൾ രാജേഷിനെ സജീവമാക്കാൻ ശ്രമിക്കുന്നത്. ഇത്തരം ഇടപെടലുകൾ രാജേഷിൽ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി പ്രതാപ് വ്യക്തമാക്കി.

ആദ്യം കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രാജേഷിനെ കഴിഞ്ഞ മാസമാണ് എയർ ആംബുലൻസിൽ വെല്ലൂരിലേക്ക് മാറ്റിയത്. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ പിന്തുണയുമായി രാജേഷിൻ്റെ ഭാര്യ സിന്ധുവും രൂപേഷ് എന്ന സുഹൃത്തും കൂടെയുണ്ട്.

“ഈ വനവാസം കഴിഞ്ഞ് അവന് തിരിച്ചു വരാതിരിക്കാൻ ആവില്ല, എൻ്റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന നാളുകൾക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു,” എന്ന് പറഞ്ഞുകൊണ്ടാണ് പ്രതാപ് തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്. രാജേഷിൻ്റെ വേഗത്തിലുള്ള തിരിച്ചുവരവിനായി പ്രാർത്ഥനകൾ തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.