ഒരേയൊരു മതം സ്നേഹം മാത്രം’; മോദിയുടെ മുന്നിൽ ഐശ്വര്യയുടെ പ്രസംഗം ചർച്ചയാകുന്നു

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ബച്ചൻ ഒരു പൊതുവേദിയിൽ നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ഐശ്വര്യ ശ്രദ്ധേയമായ വാക്കുകൾ പങ്കുവെച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. ഐശ്വര്യയുടെ വാക്കുകൾ സദസ്സിന്റെ കൈയ്യടി നേടി.

ഐശ്വര്യയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയായിരുന്നു:

“ഇവിടെ ഒരേയൊരു ജാതി മാത്രമേ ഉള്ളൂ, അത് മനുഷ്യത്വമാണ്.” “ഇവിടെ ഒരേയൊരു മതമേയുള്ളൂ, അത് സ്നേഹമാണ്.” “ഇവിടെ ഒരേയൊരു ഭാഷ മാത്രമേ ഉള്ളൂ, അത് ഹൃദയത്തിന്റെ ഭാഷയാണ്.” “ഇവിടെ ഒരേയൊരു ദൈവമേയുള്ളൂ, ആ ദൈവം സർവ്വവ്യാപിയാണ്.”

പ്രസംഗത്തിന് പുറമെ, ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽതൊട്ട് അനുഗ്രഹം തേടുന്ന ഐശ്വര്യയുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ വാക്കുകളും വൈറൽ വീഡിയോകളിൽ ഉൾപ്പെടുന്നു.