ഇന്ദ്രജിത്ത് സുകുമാരന്റെ ക്രൈം ത്രില്ലർ ‘ധീരം’ ഡിസംബർ 5ന് തിയേറ്ററുകളിലേക്ക്

നടൻ ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന ഏറ്റവും പുതിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ധീരം’ റിലീസിന് ഒരുങ്ങുന്നു. ഡിസംബർ 5-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇന്ദ്രജിത്തിന്റെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവാണ്. നിരവധി സിനിമകളിൽ പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഒരു മുഴുനീള പോലീസ് കഥാപാത്രമായി ഇന്ദ്രജിത്ത് എത്തുന്നത് ‘ധീരം’ എന്ന ചിത്രത്തിലൂടെ ആദ്യമായിട്ടാണ്.

റെമോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്. ആണ് ചിത്രം നിർമ്മിക്കുന്നത്. ‘ഒരേ മുഖം’, ‘പുഷ്പക വിമാനം’, ‘പട കുതിര’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേർന്നാണ് ‘ധീര’ത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഇന്ദ്രജിത്തിനെ കൂടാതെ അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, വിജയരാഘവൻ, റെബ മോണിക്ക ജോൺ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലും പ്രമുഖരുണ്ട്. സൗഗന്ദ് എസ്. യൂ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ‘കാപ്റ്റൻ മില്ലർ’, ‘സാനി കായിദം’, ‘റോക്കി’ എന്നീ ചിത്രങ്ങളുടെ എഡിറ്ററായ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി മലയാളത്തിൽ പ്രവർത്തിക്കുന്ന ചിത്രം കൂടിയാണ് ‘ധീരം’. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം.