‘ചോദ്യങ്ങൾ ചോദിച്ചു തന്നെ മുന്നേറുക’; മീനാക്ഷിക്ക് V. ശിവൻ കുട്ടിയുടെ മറുപടി

പൊതുവിദ്യാഭ്യാസ മേഖലയിൽ ജാതി വ്യവസ്ഥയിൽ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് നടിയും അവതാരകയുമായ മീനാക്ഷി നടത്തിയ പരാമർശങ്ങൾക്ക് മറുപടി നൽകി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. മീനാക്ഷി പങ്കുവച്ച അഭിപ്രായങ്ങൾക്ക് നന്ദി അറിയിച്ച മന്ത്രി കുട്ടികൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ എല്ലാം പരിഷ്കരിച്ച് പാഠപുസ്തകങ്ങളിൽ ചേർത്തിട്ടുണ്ടെന്ന് അറിയിച്ചു.

“ഓരോ വർഷവും ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി പാഠപുസ്തകങ്ങൾ പുതുക്കുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഫസ്റ്റ് എയ്ഡ് സംബന്ധിച്ച കാര്യങ്ങളും, ട്രാഫിക് ബോധവൽക്കരണവും, സാമ്പത്തിക സാക്ഷരതയും, വേസ്റ്റ് മാനേജ്മെന്റും, നിയമ സാക്ഷരതയുമെല്ലാം വിവിധ ക്ളാസുകളിലെ പുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്. പുതിയ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവട്ടെ, നല്ലതിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നു”…. മന്ത്രിയുടെ വാക്കുകൾ .

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മീനാക്ഷിക്ക് മന്ത്രി മറുപടി നൽകിയത്. മന്ത്രിയുടെ പരാമർശത്തിനു മറുപടിയുമായി മീനാക്ഷി എത്തി.–‘‘പോസ്റ്റ് ശ്രദ്ധിച്ചതിലും കാര്യമുണ്ടെന്ന് കണ്ട് കൂടെ ചേർന്നതിനും അങ്ങേയ്ക്ക് ഹൃദയപൂർവം നന്ദി. മുൻപും വിദ്യാർഥി എന്ന നിലയിൽ സാറിനോട് എനിക്ക് ചോദ്യങ്ങൾ ചോദിക്കാൻ പറ്റിയിരുന്നു. വളരെ സ്നേഹപൂർവ്വം എനിക്ക് ഉത്തരങ്ങൾ തന്നതും ഓർമയിലുണ്ട്. ഇപ്പോൾ പാഠപുസ്തകവുമായി ബന്ധപ്പെട്ട് ഞാനാവശ്യപ്പെട്ട കാര്യങ്ങൾ പരിഗണിക്കാം എന്നറിയിച്ചതിലും ഹൃദയപൂർവം നന്ദി എന്നാണ് മീനാക്ഷി കുറിച്ചത്.

‘‘ചോദ്യങ്ങൾ ചോദിച്ചു തന്നെ മുന്നേറുക’’– എന്നായിരുന്നു മീനാക്ഷിയുടെ കമന്റിന് മന്ത്രിയുടെ മറുപടി.