പൊതുവിദ്യാഭ്യാസ മാറ്റങ്ങളെക്കുറിച്ച്; നടി മീനാക്ഷിയോട് നന്ദി പറഞ്ഞ് മന്ത്രി വി. ശിവൻകുട്ടി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് നടി മീനാക്ഷി അനൂപ് നടത്തിയ പരാമർശങ്ങൾക്ക് പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിഷയത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ചതിന് മീനാക്ഷിക്ക് നന്ദി അറിയിച്ച മന്ത്രി, കുട്ടികൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചതായി അറിയിച്ചു. മന്ത്രി തൻ്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്.

പാഠ്യപദ്ധതിയിലെ പുതിയ ഉൾപ്പെടുത്തലുകൾ

പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയത് കുട്ടികളുടെയും മുതിർന്നവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമാണെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ വർഷവും കാലാനുസൃതമായ മാറ്റങ്ങൾക്ക് അനുസരിച്ച് പാഠപുസ്തകങ്ങൾ പുതുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

പ്രഥമശുശ്രൂഷ (First Aid), ട്രാഫിക് ബോധവൽക്കരണം, സാമ്പത്തിക സാക്ഷരത, മാലിന്യ സംസ്കരണം, നിയമ സാക്ഷരത തുടങ്ങി ജീവിതത്തിൽ അത്യാവശ്യമായ അറിവുകൾ വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ അഭിപ്രായങ്ങളെയും ക്രിയാത്മകമായ ആശയങ്ങളെയും പൊതുവിദ്യാഭ്യാസ വകുപ്പ് എപ്പോഴും സ്വാഗതം ചെയ്യുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിയോടുള്ള നന്ദി അറിയിച്ച് മീനാക്ഷി

മന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി മീനാക്ഷിയും എത്തി. തൻ്റെ പോസ്റ്റ് ശ്രദ്ധിച്ചതിനും, പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് താൻ ആവശ്യപ്പെട്ട കാര്യങ്ങൾ പരിഗണിക്കാമെന്ന് അറിയിച്ചതിനും മീനാക്ഷി ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. മുൻപും ഒരു വിദ്യാർഥി എന്ന നിലയിൽ മന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ അവസരം ലഭിച്ചതും, സ്നേഹത്തോടെ അദ്ദേഹം മറുപടി നൽകിയതും മീനാക്ഷി ഓർത്തെടുത്തു.

ഇതിന് മറുപടിയായി, “ചോദ്യങ്ങൾ ചോദിച്ചു തന്നെ മുന്നേറുക” എന്ന് മന്ത്രി വി. ശിവൻകുട്ടി മീനാക്ഷിയെ അഭിനന്ദിക്കുകയും ചെയ്തു.