
തൻ്റെ സ്വപ്ന പദ്ധതിയായ ‘മരുതനായകം’ സിനിമ വീണ്ടും ആരംഭിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി നടൻ കമൽ ഹാസൻ. ഇന്നത്തെ കാലത്തെ സാങ്കേതിക വിദ്യയിലെ മുന്നേറ്റങ്ങൾ ഈ ബ്രഹ്മാണ്ഡ ചിത്രം യാഥാർത്ഥ്യമാക്കാൻ സഹായിക്കുമെന്ന് താരം അഭിപ്രായപ്പെട്ടു. ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (IFFI) പങ്കെടുക്കാൻ എത്തിയപ്പോഴാണ് കമൽ ഹാസൻ മാധ്യമങ്ങളോട് മനസ്സുതുറന്നത്.
ഐഎഫ്എഫ്ഐയിൽ ‘രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ’ നിർമ്മിച്ച ‘അമരൻ’ എന്ന ചിത്രം ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് താരം ഗോവയിൽ എത്തിയത്. ചലച്ചിത്രമേള പോലുള്ള വേദികളിൽ സിനിമയും രാജ്യവും ഒന്നിച്ചു വരുമ്പോൾ അത് വ്യത്യസ്തമായൊരു വികാരമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂർത്തിയാക്കാത്ത സ്വപ്ന ചിത്രം
1997-ൽ ചിത്രീകരണം ആരംഭിച്ച കമൽ ഹാസൻ്റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു ‘മരുതനായകം’. സിനിമയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് II പങ്കെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാൽ സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങളാൽ അന്ന് നൂറു കോടി രൂപയോളം ബജറ്റ് കണക്കാക്കിയ ചിത്രം പിന്നീട് പാതിവഴിയിൽ നിലച്ചുപോവുകയായിരുന്നു.
ഇന്നത്തെ പുരോഗമിച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ ‘മരുതനായകം’ പൂർത്തിയാക്കാൻ സാധിക്കുമെന്ന കമൽ ഹാസൻ്റെ വാക്കുകൾ, പതിറ്റാണ്ടുകളായി ഈ ചിത്രത്തിനായി കാത്തിരിക്കുന്ന സിനിമാ പ്രേമികൾക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. താരത്തിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചകൾ സജീവമായി.











