
വിവാഹദിനത്തിൽ വധുവിന് അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന് ആവണിയുടെയും ഷാരോണിന്റെയും സ്നേഹത്തെ തോൽപിക്കാനായില്ല. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ, വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ അത്യാഹിത വിഭാഗം അവർക്ക് കതിർമണ്ഡപമായി. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടുത്ത ബന്ധുക്കളും സാക്ഷ്യം വഹിച്ച ചടങ്ങിൽ വെച്ച് ഷാരോൺ ആവണിയുടെ കഴുത്തിൽ താലികെട്ടി.
നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹവുമായി മുന്നോട്ട് പോകണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം മാനിച്ചാണ് ആശുപത്രി അധികൃതർ അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം സംഭവിച്ച അപകടത്തെ തുടർന്ന്, ആവണിയുടെ ആഗ്രഹത്തിനും മാനുഷിക പരിഗണനയ്ക്കും മൂല്യം നൽകിയാണ് അത്യാഹിത വിഭാഗത്തിൽ വെച്ച് വിവാഹത്തിന് അനുമതി നൽകിയത്.
ആലപ്പുഴ കൊമ്മാടി സ്വദേശികളായ എം. ജഗദീഷ്- ജ്യോതി ദമ്പതികളുടെ മകളും ചേർത്തല ബിഷപ്പ് മൂർ സ്‌കൂളിലെ അധ്യാപികയുമാണ് ആവണി. തുമ്പോളി സ്വദേശികളായ മനുമോൻ- രശ്മി ദമ്പതികളുടെ മകനും ചേർത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസറുമാണ് വി.എം. ഷാരോൺ.
വെള്ളിയാഴ്ച ഉച്ചയ്ക്ക് തുമ്പോളിയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ, പുലർച്ചെ മൂന്ന് മണിയോടെ മേക്കപ്പിനായി വധുവും കുടുംബാംഗങ്ങളായ അനന്ദു, ജയനമ എന്നിവരും കുമരകത്തേക്ക് പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
നാട്ടുകാർ ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ ആവണിയെ വിദഗ്ധ ചികിത്സയ്ക്കായി ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളം വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് വരൻ ഷാരോണും കുടുംബവും ഉടൻതന്നെ ആശുപത്രിയിൽ എത്തി. 12.15-നും 12.30-നും ഇടയിലുള്ള നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്തണമെന്ന ഇരുകൂട്ടരുടെയും ആഗ്രഹം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.
ഡോക്ടർമാരുമായി കൂടിയാലോചിച്ച ശേഷം, രോഗിക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ അത്യാഹിത വിഭാഗത്തിൽ വെച്ച് താലികെട്ടാനുള്ള സൗകര്യം ആശുപത്രി ഒരുക്കി. ആവണിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ഉടൻ ശസ്ത്രക്രിയ നടത്തുമെന്നും ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരൻ അറിയിച്ചു.











