
‘കിഷ്കിന്ധാകാണ്ഡം’ ഒരുക്കിയ സംവിധായകൻ ദിൻജിത്ത് അയ്യത്താനും, ‘കേരള ക്രൈം ഫയൽസ് സീസൺ 2’, ‘കിഷ്കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ ബാഹുൽ രമേശും ഒന്നിച്ച പുതിയ ചിത്രം ‘ഏകോ- ഫ്രം ദി ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ’ അസാധാരണമായ ത്രില്ലർ അനുഭവമാണ് നൽകുന്നതെന്ന് വിലയിരുത്തൽ. പ്രേക്ഷകരുടെ പൊതുവായ പ്രവചനങ്ങളെ കവച്ചുവെക്കുന്ന ഒരു കഥ പറച്ചിൽ രീതിയാണ് ചിത്രത്തിൻ്റേതെന്ന് റിവ്യൂകളിൽ പറയുന്നു.
കഥാഗതി:
പതുക്കെ തുടങ്ങി ഒരു അഡ്വഞ്ചർ-മിസ്റ്ററി-ത്രില്ലർ മോഡിലേക്ക് മാറുന്ന രചനാ ശൈലിയാണ് ‘ഏകോ’യുടേത്. കേരള-കർണാടക അതിർത്തി പങ്കിടുന്ന വനമേഖലകളാണ് സിനിമയുടെ പ്രധാന പശ്ചാത്തലം. ‘കുര്യച്ചൻ’ എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇയാൾ ആരാണെന്നറിയാനുള്ള മറ്റ് കഥാപാത്രങ്ങളുടെ അന്വേഷണം പ്രേക്ഷകനെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു.
പ്രകടനങ്ങൾ:
ചിത്രത്തിൻ്റെ എഴുത്ത് പോലെ തന്നെ അൺപ്രഡിക്റ്റബിൾ ആയ കാസ്റ്റിംഗ് ആണ് മറ്റൊരു പ്രത്യേകത. കുര്യച്ചൻ, മ്ലാത്തി ചേടത്തി തുടങ്ങിയ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മലയാളി പ്രേക്ഷകർക്ക് അധികം പരിചിതമല്ലാത്ത മുഖങ്ങൾ തിരഞ്ഞെടുത്തത് കഥയുടെ നിഗൂഢത വർദ്ധിപ്പിച്ചു. സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു തുടങ്ങിയ പ്രമുഖ താരങ്ങളുടെ പ്രകടനങ്ങളും ചിത്രത്തിൻ്റെ കരുത്തായി മാറി.
മികച്ച ഛായാഗ്രഹണവും, മുജീബ് മജീദിൻ്റെ പശ്ചാത്തല സംഗീതവും, സൂരജ് ഇ.എസിൻ്റെ എഡിറ്റിംഗും ചേർന്ന് ‘ഏകോ’യെ തീർച്ചയായും തിയേറ്ററിൽ കണ്ടിരിക്കേണ്ട അനുഭവമാക്കി മാറ്റുന്നുണ്ടെന്നും റിവ്യൂകൾ പറയുന്നു. ‘കിഷ്കിന്ധ’യുടെ ആരാധകർക്ക് നിരാശയുണ്ടാക്കാത്ത ചിത്രം തൻ്റെ കരിയർ ഗ്രാഫ് ഉയർത്തുമെന്ന സംവിധായകൻ്റെ പ്രതീക്ഷ തെറ്റിയില്ലെന്നും നിരൂപകർ അഭിപ്രായപ്പെടുന്നു.











