
വിവാഹ ദിനത്തിൽ അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ട് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ ആരംഭിച്ചു. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സുധീഷ് കരുണാകരൻ്റെ നേതൃത്വത്തിലാണ് അതിസങ്കീർണ്ണമായ ശസ്ത്രക്രിയ നടക്കുന്നത്. രാവിലെ 9.45 ഓടെയാണ് ശസ്ത്രക്രിയ നടപടികൾ തുടങ്ങിയത്.
ഇന്നലെ പുലർച്ചെ ഏകദേശം മൂന്ന് മണിയോടെയായിരുന്നു സംഭവം. വിവാഹത്തിന് മേക്കപ്പിടാനായി കുമരകത്തേക്ക് പോവുകയായിരുന്ന ആവണി സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി മരത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആവണിയെ നാട്ടുകാരും പോലീസും ചേർന്ന് ആദ്യം കോട്ടയം മെഡിക്കൽ കോളേജിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ആവണിയോടൊപ്പം ഉണ്ടായിരുന്ന രണ്ട് ബന്ധുക്കൾക്കും പരിക്കേറ്റിരുന്നു.
ആവണി അപകടനില തരണം ചെയ്തെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് സാരമുള്ളതാണ്. വിവരമറിഞ്ഞ് വരൻ വി.എം. ഷാരോണും കുടുംബവും ഉടൻ ആശുപത്രിയിലെത്തി. നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്തണമെന്ന ഇരു കുടുംബങ്ങളുടെയും ശക്തമായ ആഗ്രഹം ആശുപത്രി അധികൃതർ അംഗീകരിച്ചു. അതനുസരിച്ച്, പകൽ 12.15-നും 12.30-നും ഇടയിലുള്ള മുഹൂർത്തത്തിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വെച്ച് ആവണിയുടെയും ഷാരോണിൻ്റെയും വിവാഹം നടന്നു. രോഗിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകാത്ത രീതിയിലാണ് ചടങ്ങുകൾ പൂർത്തിയാക്കിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ സംഭവം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.
ആലപ്പുഴ കൊമ്മാടി സ്വദേശിനിയും ചേർത്തല ബിഷപ്പ് മൂർ സ്‌കൂളിലെ അധ്യാപികയുമാണ് ആവണി. ആലപ്പുഴ തുമ്പോളി സ്വദേശിയായ വി.എം. ഷാരോൺ ചേർത്തല കെ.വി.എം. കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്.











