
പടക്കളം’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ യുവതാരം സന്ദീപ് പ്രദീപ്, തൻ്റെ സിനിമ തിരഞ്ഞെടുപ്പുകളെക്കുറിച്ച് മനസ്സുതുറന്നു. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടി തിയേറ്ററുകളിൽ മുന്നേറുന്ന ‘എക്കോ’ എന്ന ചിത്രത്തിൻ്റെ വിജയവുമായി ബന്ധപ്പെട്ട പ്രസ് മീറ്റിനിടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.കിഷ്കിന്ധാകാണ്ഡം’ ടീം വീണ്ടുമൊന്നിച്ച ‘എക്കോ’, ഒരു മിസ്റ്ററി ത്രില്ലർ ഴോണറിലാണ് ഒരുക്കിയത്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബാഹുൽ രമേശ് ആണ്.
സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ താൻ മറ്റാരുടെയും സഹായം തേടാറില്ലെന്നും എല്ലാ കാര്യങ്ങളും സ്വയം തന്നെയാണ് ചെയ്യുന്നതെന്നും സന്ദീപ് പറഞ്ഞു. സിനിമകൾ ടേസ്റ്റിന്റെ ബിസിനസ്സാണെന്നും അത് മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു:
“ബാക്കിയുള്ള കാര്യങ്ങളിൽ നമുക്കൊരു സഹായം ചോദിക്കാം. എന്നാൽ സിനിമ ഒരു ടേസ്റ്റിന്റെ കൂടി ബിസിനസ്സാണ്. നമുക്ക് ഇഷ്ടപ്പെടുന്ന ഒരു ടേസ്റ്റ് ഉണ്ടല്ലോ. എനിക്ക് ഇഷ്ടപ്പെടുന്ന സിനിമ മറ്റൊരാൾക്ക് ഇഷ്ടപ്പെടണമെന്നില്ല. ചിലപ്പോൾ നമുക്ക് അത് ഒരുപോലെ ഇഷ്ടപ്പെട്ടു എന്നും വരാം. അത് ഓരോരുത്തരുടെയും ടേസ്റ്റാണ്.”
“അപ്പോൾ അത് ജഡ്ജ് ചെയ്യാൻ ഞാനൊരാളെ വെച്ചുകഴിഞ്ഞാൽ, അദ്ദേഹത്തിൻ്റെ ടേസ്റ്റും എൻ്റെ ടേസ്റ്റും തമ്മിൽ മാച്ച് ആകണമെന്നില്ല. എനിക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ എനിക്ക് തന്നെയല്ലേ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ? അതുകൊണ്ട് പരമാവധി എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് ചെയ്യുന്നത്,” സന്ദീപ് വ്യക്തമാക്കി.
‘എക്കോ’ എന്ന ചിത്രത്തിന്റെ തിരക്കഥ കേൾക്കാൻ പോയതിനെക്കുറിച്ചും സന്ദീപ് സംസാരിച്ചു. സിനിമയിലേക്ക് വിളിക്കുമ്പോൾ തന്നെ 50 ശതമാനവും അത് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു എന്നും താരം പറഞ്ഞു. “അപ്പോൾ തന്നെ ഞാൻ ആവേശത്തിലായിരുന്നു. ‘ചേട്ടാ വേഗം താ, വായിക്കാം’ എന്നൊരു മൈൻഡിലാണ് ഞാൻ നിന്നത്,” സന്ദീപ് കൂട്ടിച്ചേർത്തു.











