എത്യോപ്യൻ അഗ്നിപർവത ചാരം: നെടുമ്പാശ്ശേരി വിമാന സർവീസുകൾ ഇന്നും തടസ്സപ്പെടാൻ സാധ്യത

എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് അന്തരീക്ഷത്തിൽ വ്യാപിച്ച ചാരമേഘങ്ങൾ കാരണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (നെടുമ്പാശ്ശേരി) നിന്നുള്ള സർവീസുകൾ ഇന്നും തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇന്നലെയും ഇവിടെ നിന്നുള്ള നിരവധി വിമാന സർവീസുകളെ സ്ഫോടനം ബാധിച്ചിരുന്നു.

തിങ്കളാഴ്ച ജിദ്ദയിലേക്കുള്ള ആകാശ് എയർ, ദുബായിലേക്കുള്ള ഇൻഡിഗോ എയർലൈൻസുകളുടെ സർവീസുകൾ നിർത്തിവെച്ചു. രാത്രി 11.30-ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ സർവീസ് ചൊവ്വാഴ്ചത്തേക്ക് പുനഃക്രമീകരിച്ചു. ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കിയത് ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അഗ്നിപർവത ചാരവും പുകയും വിമാനങ്ങളുടെ എൻജിനുകൾക്ക് ഗുരുതരമായ തകരാറുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) മുന്നറിയിപ്പ് നൽകിയിരുന്നു. പ്രശ്‌നബാധിത മേഖലകളിൽ വിമാന സർവീസ് നടത്തുന്നത് ഒഴിവാക്കണമെന്നും ഏജൻസി നിർദേശം നൽകി.

ഇതുപ്രകാരം ആകാശ എയർ, ഇൻഡിഗോ, കെ.എൽ.എം. ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. കരിമേഘ പടലങ്ങൾ ഉള്ള പ്രദേശങ്ങൾ ഒഴിവാക്കാനും, ഏറ്റവും പുതിയ നിർദേശങ്ങൾ അനുസരിച്ച് ഫ്ലൈറ്റ് പ്ലാനിംഗ്, റൂട്ടിംഗ്, ഇന്ധനത്തിന്റെ അളവ് എന്നിവയിൽ മാറ്റം വരുത്താനും DGCA എയർലൈനുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. എൻജിൻ പ്രവർത്തനത്തിലെ അപാകതകളോ കാബിനിൽ പുകയോ ഗന്ധമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്. ഈ സ്ഫോടനത്തെ തുടർന്ന് സമീപത്തെ അഫ്ദെറ ഗ്രാമം പൂർണ്ണമായും ചാരത്തിൽ മൂടി. എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്കും സ്ഫോടനം കാരണമായി.

സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങൾ നിലവിൽ ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ് തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയാണ്. ഈ പുകപടലം അന്തരീക്ഷത്തിന്റെ മുകൾത്തട്ടിൽ മേഘപടലം പോലെ ആയതിനാൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം കുറയാനുള്ള സാധ്യത കുറവാണെന്നാണ് നിലവിലെ വിലയിരുത്തൽ.

യാത്രക്കാർ വിമാന കമ്പനികളിൽനിന്നുള്ള അറിയിപ്പുകൾ ശ്രദ്ധിക്കുകയും യാത്രാ വിവരങ്ങൾ ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്