ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: 66 ലക്ഷം രൂപ അപഹരിച്ചു; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജീവനക്കാർ നടത്തിയ വൻ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഓ ബൈ ഓസി (O by Ocy) എന്ന ബൊട്ടീക്കിൽ നിന്ന് മൂന്ന് ജീവനക്കാർ ചേർന്ന് 66 ലക്ഷം രൂപ തട്ടിയെടുത്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കൃഷ്ണകുമാറും മകൾ ദിയയും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. “പണം അപഹരിച്ചതിൽ കൂടുതൽ പേർക്ക് പങ്കുണ്ട്. ഇപ്പോൾ സത്യം പുറത്തുവന്നിരിക്കുന്നു. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ട്. പൊതുസമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദിയുണ്ട്,” കൃഷ്ണകുമാർ പറഞ്ഞു.

“അച്ഛനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് തെളിഞ്ഞതിൽ ആശ്വാസമുണ്ടെന്നും,” ദിയ കൃഷ്ണ പ്രതികരിച്ചു.

ദിയ കൃഷ്ണയുടെ ക്യുആർ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആർ കോഡ് വഴി പണം തട്ടിയെടുക്കുകയായിരുന്നു തട്ടിപ്പിന്റെ പ്രധാന രീതി. രണ്ട് വർഷം കൊണ്ടാണ് പ്രതികൾ 66 ലക്ഷം രൂപ അപഹരിച്ചത്. തട്ടിയെടുത്ത പണം പ്രതികൾ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിൻ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികളെയും വിനിതയുടെ ഭർത്താവ് ആദർശിനെയും പ്രതി ചേർത്തിട്ടുണ്ട്. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തൽ, ചതി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ, ജീവനക്കാരികൾ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാർ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയ കൃഷ്ണയ്ക്കുമെതിരെ ജീവനക്കാരികൾ എതിർ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി, പണം കവർന്നു, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ കുറ്റങ്ങളാണ് എതിർ പരാതിയിൽ ആരോപിക്കപ്പെട്ടിരുന്നത്. ഈ പരാതിയിലും കഴമ്പില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലെ അന്വേഷണം അന്തിമഘട്ടത്തിലാണ്.