ജയിലിനു പുറത്തുള്ള ഗോവിന്ദച്ചാമി’; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ അനുശ്രീയെയും സീമ ജി നായരെയും പരിഹസിച്ച് പി പി ദിവ്യ

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാരോപണ വിഷയത്തിൽ അദ്ദേഹത്തെ പിന്തുണച്ച നടിമാരായ സീമ ജി നായർക്കും അനുശ്രീക്കുമെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യ. ‘ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ’ എന്ന പരിഹാസത്തോടെയാണ് ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്.രാഹുൽ മാങ്കൂട്ടത്തിൽ “ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദച്ചാമി” ആണെന്ന് ആരോപിച്ച പി പി ദിവ്യ, “ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകും” എന്നും കൂട്ടിച്ചേർത്തു. സീമ ജി നായരുടെയും അനുശ്രീയുടെയും ചിത്രങ്ങൾ സഹിതമാണ് ദിവ്യയുടെ പ്രതികരണം.

ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്‌നങ്ങൾ…
ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്.സഹോദരീ നിങ്ങൾ ധൈര്യമായി പരാതി നൽകണം. കേരള ജനത കൂടെയുണ്ടാവും. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈംഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും. സീമാ ജി നായരും, അനുശ്രീമാരും സംരക്ഷണം ഒരുക്കും. ഇരയോടാണ്. നിങ്ങൾ ധൈര്യമായി ഇറങ്ങു. അമ്മയെയും പെങ്ങളെയും ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലുംപെട്ട) മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും. ഈ സർക്കാരും.

സീമ ജി നായരുടെ മറുപടി
പി പി ദിവ്യയുടെ വിമർശനങ്ങൾക്ക് പിന്നാലെ, രാഹുലിനെതിരെ പുതിയ ശബ്ദസന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തിൽ സീമ ജി നായർ ഫേസ്ബുക്കിൽ പ്രതികരണ പോസ്റ്റ് പങ്കുവെച്ചു. ‘തീക്കുട്ടി’ എന്ന അക്കൗണ്ടിൽ നിന്ന് തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായതായി സീമ ജി നായർ ആരോപിച്ചു.

പോസ്റ്റിലെ പ്രധാന വാചകങ്ങൾ ഇവയാണ്: “തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താൽ മാത്രം. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല. അതുകൊണ്ട് ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട.” താൻ തന്റെ മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും സീമ ജി നായർ വ്യക്തമാക്കി.