
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ (ദേവേന്ദർ സിംഗ്) വീണ്ടും റെയിൽവേ പോലീസിന്റെ കസ്റ്റഡിയിലായി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് റെയിൽവേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റെയിൽവേ എസ്.പി.യുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പോലീസിന്റെ ചോദ്യം ചെയ്യലിനോട് പല കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് ബണ്ടി ചോർ പ്രതികരിക്കുന്നത്. ഇയാളുടെ കൈവശം നൂറ് രൂപയും അഭിഭാഷകൻ ബി.എ. ആളൂരിന്റെ ഫോൺ നമ്പറും മാത്രമാണ് ഉണ്ടായിരുന്നത്. പേരൂർക്കട പോലീസ് സ്റ്റേഷനിൽ നിന്ന് തനിക്ക് 76,000 രൂപ കിട്ടാനുണ്ടെന്നും, അതിന്റെ ആവശ്യത്തിനായി ഇന്നലെ സ്റ്റേഷനിൽ പോയിരുന്നുവെന്നും ബണ്ടി ചോർ പോലീസിനോട് പറഞ്ഞതായാണ് വിവരം.
ബണ്ടി ചോറിനെ കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനാലാണ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതെന്ന് എറണാകുളം സൗത്ത് റെയിൽവേ പോലീസ് അന്ന് അറിയിച്ചിരുന്നു.
അന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ബണ്ടി ചോർ പോയത് അന്തരിച്ച അഭിഭാഷകൻ ബി.എ. ആളൂരിന്റെ ഓഫീസിലേക്കായിരുന്നു. തനിക്കെതിരായ കേസുമായി ബന്ധപ്പെട്ട് ആളൂരിനെ കാണാനാണ് കൊച്ചിയിൽ എത്തിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ എറണാകുളത്ത് എത്തിയ ശേഷമാണ് ആളൂർ അന്തരിച്ച വിവരം അറിയുന്നത്. ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നുവെന്നും ദേവേന്ദർ സിംഗ് എന്ന ബണ്ടി ചോർ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു.റെയിൽവേ പോലീസ് ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പരിശോധിച്ചുവരികയാണ്.











