
ബോളിവുഡ് ഇതിഹാസതാരം ധർമ്മേന്ദ്രയുടെ അഭിനയ ജീവിതം പോലെ തന്നെ ശ്രദ്ധേയമാണ് അദ്ദേഹത്തിൻ്റെ വിജയകരമായ ബിസിനസ് സാമ്രാജ്യവും. സിനിമയിൽ നിന്ന് നേടിയ താരപരിവേഷം നിക്ഷേപങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും അദ്ദേഹം വർദ്ധിപ്പിച്ചു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ധർമ്മേന്ദ്രയുടെ ആസ്തി 335 കോടി മുതൽ 450 കോടി രൂപ വരെയാണ് കണക്കാക്കുന്നത്. ഡിയോൾ കുടുംബത്തിൻ്റെ മൊത്തം ആസ്തി 1,000 കോടി രൂപ കവിയുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
റിയൽ എസ്റ്റേറ്റിലെ വമ്പൻ നിക്ഷേപം
ധർമ്മേന്ദ്രയുടെ സ്വത്തിൽ ഏറ്റവും മൂല്യമേറിയത് അദ്ദേഹത്തിന്റെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളാണ്. മുംബൈക്കും പൂനെക്കും ഇടയിലുള്ള ലോണാവാലയിലെ 100 ഏക്കർ ഫാം ഹൗസാണ് ഇതിൽ പ്രധാനം. പ്രകൃതിയെ സ്നേഹിക്കുന്ന ധർമ്മേന്ദ്രയ്ക്ക് നഗരത്തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഒരിടം കൂടിയായിരുന്നു ഈ വിശാലമായ ഫാം ഹൗസ്. ഇതിന് പുറമേ മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലായി 17 കോടിയിലധികം രൂപയുടെ റെസിഡൻഷ്യൽ പ്രോപ്പർട്ടികളും താരത്തിനുണ്ട്. ഫാം ഹൗസിനോട് ചേർന്ന് 30 കോട്ടേജുകളുള്ള ആഡംബര റിസോർട്ട് നിർമ്മിക്കാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു.
റെസ്റ്റോറൻ്റ് ശൃംഖലകളും പ്രൊഡക്ഷൻ കമ്പനിയും
അഭിനയത്തിന് പുറമെ, ധർമ്മേന്ദ്ര വിജയകരമായി ഹോട്ടൽ, റെസ്റ്റോറൻ്റ് രംഗത്തും ചുവടുറപ്പിച്ചു. അദ്ദേഹത്തിൻ്റെ ഐക്കോണിക് കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരംഭിച്ച ‘ഗരം ധരം ധാബ’, ‘ഹീ-മാൻ’ എന്നീ തീം റെസ്റ്റോറന്റുകൾ ഏറെ ജനപ്രീതി നേടി. 2015-ൽ ഡൽഹിയിലും 2022-ൽ കർണാൽ ഹൈവേയിലുമാണ് ഈ ഭക്ഷണശാലകൾ ആരംഭിച്ചത്.
കൂടാതെ, ‘വിജയ്ത ഫിലിംസ്’ എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസും അദ്ദേഹം നടത്തിയിരുന്നു. ഈ ബാനറിന് കീഴിലാണ് മക്കളായ സണ്ണി ഡിയോളിൻ്റെയും ബോബി ഡിയോളിൻ്റെയും സിനിമാ അരങ്ങേറ്റം കുറിച്ചത്. റേഞ്ച് റോവർ ഇവോക്ക്, മെഴ്സിഡസ് ബെൻസ് SL500 പോലുള്ള ആഢംബര വാഹനങ്ങളുടെ ഒരു ശേഖരവും ധർമ്മേന്ദ്രയ്ക്ക് സ്വന്തമായുണ്ട്. 60 വർഷത്തിലധികം നീണ്ടുനിന്ന തൻ്റെ അഭിനയ ജീവിതത്തിൽ നിന്നാണ് ധർമ്മേന്ദ്ര ഈ വലിയ സാമ്പത്തിക അടിത്തറ കെട്ടിപ്പടുത്തത്.











