
പിന്നണി ഗായികയായും അഭിനേത്രിയായും ശ്രദ്ധ നേടിയ ആൻഡ്രിയ ജെർമിയയുടെ പുതിയൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഫഹദ് ഫാസിൽ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ആവേശ’ത്തിലെ ‘ഇലുമിനാറ്റി’ എന്ന ഗാനം ആൻഡ്രിയ ആലപിക്കുന്ന പുതിയ വീഡിയോയാണ് പുറത്തുവന്നത്.
ഗായിക എന്ന നിലയിൽ പ്രശസ്തരായ ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ജി.വി. പ്രകാശ് കുമാർ തുടങ്ങിയവരുടെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ആൻഡ്രിയ, 2005 മുതലാണ് ചലച്ചിത്രരംഗത്ത് സജീവമായത്. തമിഴ്, മലയാളം, ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
എന്നാൽ, ‘ഇലുമിനാറ്റി’ ഗാനം ആൻഡ്രിയ ആലപിക്കുന്ന വീഡിയോ മുൻപും വൈറലായിരുന്നു. മലയാളികൾ അടക്കമുള്ളവർ ഭാഷ വഴങ്ങാത്തതും വേറിട്ടതുമായ ആലാപന രീതി കാരണം അന്ന് ട്രോളുകളുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഇതേ ഗാനം ആലപിക്കുന്ന മറ്റൊരു വീഡിയോ കൂടി പുറത്തുവന്നിരിക്കുന്നത്.
‘യു എഗെയ്ൻ’, ‘ആൻഡ്രിയ ഇലുമിനാറ്റി 2.0’ തുടങ്ങിയ തലക്കെട്ടുകളോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ട്രോളുകൾക്കൊപ്പം നടിക്കെതിരെ വിമർശനങ്ങളും ശക്തമാകുന്നുണ്ട്. ചില പിന്നണി ഗായകർ വേദിയിൽ ലൈവായി ഗാനങ്ങൾ ആലപിക്കുമ്പോൾ പാട്ടുകൾ അതിന്റെ യഥാർത്ഥ ഭാവത്തിൽ നിന്നും മാറിപ്പോകുന്നുവെന്നും, പറ്റാത്ത ഗാനങ്ങൾ പാടി ആലാപനത്തെ ‘കൊല്ലുകയാണെ’ന്നും വിമർശകർ അഭിപ്രായപ്പെടുന്നു.











