വിലായത്ത് ബുദ്ധ’ക്കെതിരായ സൈബർ ആക്രമണം ക്രൂരത; ശക്തമായി പ്രതികരിച്ച് ഷമ്മി തിലകൻ

പൃഥ്വിരാജ് സുകുമാരൻ നായകനായ ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നടൻ ഷമ്മി തിലകൻ ശക്തമായി പ്രതികരിച്ചു. സിനിമയിൽ അഭിനയിച്ച താനുൾപ്പെടെയുള്ള എല്ലാ പ്രവർത്തകരോടുമുള്ള ക്രൂരതയാണ് ഈ സൈബർ ആക്രമണമെന്ന് അദ്ദേഹം തുറന്നടിച്ചു.

“നിർമ്മാതാവിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനൊപ്പം, ഞങ്ങൾക്ക് ഇത്തരത്തിലുള്ള ശ്രദ്ധേയമായ കഥാപാത്രങ്ങൾ ലഭിക്കുന്നത് വളരെ അപൂർവമായാണ്. പൃഥ്വിരാജ് ഉൾപ്പെടെ, ‘വിലായത്ത് ബുദ്ധ’യിൽ അഭിനയിച്ച ഞാനടക്കമുള്ള എല്ലാവരോടുമുള്ള ക്രൂരതയാണ് ഈ സൈബർ ആക്രമണമെന്ന് തോന്നുന്നു,” ഷമ്മി തിലകൻ പറഞ്ഞു.

പ്രേക്ഷകർ സിനിമയെ ഇഷ്ടപ്പെട്ട് തുടങ്ങുന്ന സമയത്ത് ഇങ്ങനെയുള്ള വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നത്, ചിത്രം കാണാത്തവർക്ക് തിയേറ്ററിൽ പോകേണ്ട എന്ന തോന്നലുണ്ടാക്കും. “അത് ഞങ്ങൾക്കൊക്കെയാണ് ദോഷമുണ്ടാക്കുന്നത്. പ്രകടനം നല്ലതാവട്ടെ ചീത്തയാവട്ടെ, അത് ജനം കണ്ടില്ലെങ്കിൽ ഞങ്ങൾ ഈ ജോലി ചെയ്തിട്ട് എന്ത് കാര്യം?” എന്നും അദ്ദേഹം ചോദിച്ചു.

ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യാർ ഒരുക്കിയ ‘വിലായത്ത് ബുദ്ധ’യ്ക്കെതിരെ മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ ഒരു യൂട്യൂബ് ചാനലിനെതിരെ കഴിഞ്ഞ ദിവസം നിർമ്മാതാവ് സന്ദീപ് സേനൻ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. ‘ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സിനിമയെയും അണിയറപ്രവർത്തകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മത-രാഷ്ട്രീയ വിദ്വേഷം വളർത്തുന്നതുമായ രീതിയിലാണ് പ്രചാരണം നടക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, ചിത്രത്തിന് എല്ലാതരം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.