ബാദുഷക്കെതിരെ ഹരീഷ് കണാരൻ: ‘പണം ചോദിച്ചതിന് സിനിമകളിൽ നിന്ന് ഒഴിവാക്കി

മലയാള സിനിമയിൽ താൻ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് നടൻ ഹരീഷ് കണാരൻ. തൻ്റെ കരിയറിൽ ഒരു ഇടവേള വരാനുണ്ടായ കാരണം നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം. ബാദുഷ ആണെന്ന് ഹരീഷ് കണാരൻ ആരോപിച്ചു. താൻ കടം നൽകിയ പണം തിരികെ ചോദിച്ചതിനെത്തുടർന്ന്, ബാദുഷ പല സിനിമകളിൽ നിന്നും തൻ്റെ പേര് നീക്കം ചെയ്യുകയും അവസരങ്ങൾ മുടക്കുകയും ചെയ്തുവെന്നാണ് ആരോപണം.

സിനിമയിലെ തന്റെ അസാന്നിധ്യത്തിന് പിന്നിലെ കാരണം ഈ സാമ്പത്തിക തർക്കമാണെന്ന് ഹരീഷ് കണാരൻ വ്യക്തമാക്കി. ബാദുഷ തന്നിൽ നിന്ന് ഏകദേശം 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നു എന്നും നടൻ പറയുന്നു.

“ഏറ്റവും കൂടുതൽ വേദനിച്ചത്, ഞാൻ സഹായിച്ച ഒരാൾ കാരണം എൻ്റെ ഉപജീവനമാർഗ്ഗം ഇല്ലാതായപ്പോഴാണ്,” ഹരീഷ് പറഞ്ഞു.

കടം തിരികെ ചോദിച്ചതോടെ, തനിക്ക് ലഭിക്കേണ്ടിയിരുന്ന പ്രധാന അവസരങ്ങൾ ബാദുഷ ഇടപെട്ട് ഒഴിവാക്കി. ടൊവിനോ തോമസ് നായകനായ ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൽ 40 ദിവസത്തെ ഡേറ്റ് നൽകിയിരുന്നെങ്കിലും, ചിത്രീകരണം തുടങ്ങിയപ്പോൾ തന്നെ വിളിച്ചില്ല. ഇത് സംബന്ധിച്ച് ടൊവിനോ തോമസുമായി സംസാരിച്ചപ്പോഴാണ്, തനിക്ക് ഡേറ്റില്ല എന്ന് പറഞ്ഞ് തന്നെ ഒഴിവാക്കിയ വിവരം അറിയുന്നതെന്നും ഹരീഷ് വെളിപ്പെടുത്തി.

“പലരും പേര് പറയാൻ ആവശ്യപ്പെട്ടതിനാലാണ് ഞാൻ ബാദുഷയുടെ പേര് തുറന്നു പറയുന്നത്. ഇത് പറഞ്ഞതിൻ്റെ പേരിൽ എനിക്ക് ഇനി സിനിമകൾ ഇല്ലാതാകാം, എങ്കിലും സ്റ്റേജ് പ്രോഗ്രാമുകളുമായി മുന്നോട്ട് പോകും,” അദ്ദേഹം കൂട്ടിച്ചേർത്തു. കടം തിരികെ ലഭിക്കുന്നതിനായി സിനിമാ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട് എന്നും ഹരീഷ് കണാരൻ അറിയിച്ചു.