
വമ്പൻ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താൻ അണിയിച്ചൊരുക്കിയ സിനിമയാണ് ‘എക്കോ’. യുവതാരം സന്ദീപ് പ്രദീപ് നായകനായെത്തിയ ഈ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ബാഹുൽ രമേശാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘കിഷ്കിന്ധാ കാണ്ഡം’, ‘കേരളാ ക്രൈം ഫയൽസ് സീസൺ 2’ എന്നീ ശ്രദ്ധേയ പ്രോജക്റ്റുകൾക്ക് ശേഷമാണ് ബാഹുൽ രമേശ് ‘എക്കോ’യുടെ തിരക്കഥ രചിച്ചത്.ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാമിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ‘എക്കോ’.
റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ മികച്ച മുന്നേറ്റമാണ് ചിത്രം നേടിയത്. ആദ്യ ദിനം 80 ലക്ഷം രൂപ മാത്രം നേടിയ ചിത്രം, രണ്ടാം ദിനം ഞെട്ടിക്കുന്ന വളർച്ചയാണ് രേഖപ്പെടുത്തിയത്. കേരള ബോക്‌സ് ഓഫീസിൽ നിന്ന് രണ്ടാം ദിനം 1.85 കോടി രൂപ ചിത്രം നേടി. മൂന്നാം ദിനം, അതായത് ഞായറാഴ്ച, കളക്ഷൻ 3.15 കോടിയായി ഉയർന്നു. ട്രേഡ് അനലിസ്റ്റായ സാക്നിൽക്കാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
ഒരു സിനിമയുടെ ഗതി നിർണ്ണയിക്കുന്ന വാരത്തിലെ ആദ്യ ദിനമായ തിങ്കളാഴ്ചയും ‘എക്കോ’ മികച്ച പ്രകടനം തുടർന്നു. തിങ്കളാഴ്ച 1.85 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. ചൊവ്വാഴ്ച 1.6 കോടിയും ബുധനാഴ്ച 1.4 കോടിയും വ്യാഴാഴ്ച 1.21 കോടിയും നേടി. റിലീസ് ദിവസത്തേക്കാൾ ഉയർന്ന കളക്ഷൻ തുടർന്നത് ചിത്രത്തിന് വലിയ നേട്ടമായി.വിദേശ മാർക്കറ്റുകളിൽ നിന്ന് മാത്രമായി 6.15 കോടി രൂപയും ചിത്രം നേടിയിട്ടുണ്ട്. ആഗോളതലത്തിൽ ഒരാഴ്ച കൊണ്ട് ‘എക്കോ’ നേടിയ ആകെ കളക്ഷൻ 18.5 കോടി രൂപയാണ്.
ഈ ചിത്രത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. കഥാവഴിയിൽ മൃഗങ്ങൾക്ക് നിർണ്ണായക സ്ഥാനം നൽകി ഒരുക്കിയ ‘കിഷ്കിന്ധാ കാണ്ഡം’, ‘കേരളാ ക്രൈം ഫയൽസ് സീസൺ 2’ എന്നിവയ്ക്ക് ശേഷം വരുന്ന ‘എക്കോ’, ഈ ‘അനിമൽ ട്രിയോളജി’യിലെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമായാണ് കണക്കാക്കപ്പെടുന്നത്. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രിയോളജിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾ പുലർത്തുന്ന നിർണ്ണായക സ്വാധീനം ഇവയെല്ലാം ഒരേ ആത്മാവുള്ള കഥകളാക്കി മാറ്റുന്നു. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമ്മിക സംഘർഷങ്ങളുമാണ് ഈ മൂന്ന് കഥകളിലും പൊതുവായി വിഷയമാകുന്നത്.
‘പടക്കളം’ എന്ന സൂപ്പർ ഹിറ്റിന് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്നു എന്നതും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർദ്ധിപ്പിച്ച ഘടകമാണ്.











