
സ്വപ്നം കാണുന്നവർക്ക് പ്രചോദനമേകി സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും നടിയുമായ ഷംല ഹംസ. താൻ എടുത്ത തീരുമാനങ്ങൾക്ക് സ്വയം നന്ദി പറയുന്നതായി വെളിപ്പെടുത്തിയ ഷംല, പുതിയ രംഗത്തേക്ക് വരുന്നവർക്ക് വ്യക്തമായ സന്ദേശം നൽകി.
മനോരമ ഹോർത്തൂസ് പരിപാടിയുടെ ആദ്യ ദിനം “ഫെമിനിച്ചി ഫാത്തിമ കഥ പറയുന്നു” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഷംല. “നമ്മൾ നമുക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. നിങ്ങൾ സ്വപ്നം കാണുകയാണെങ്കിൽ അതിന് പിന്നാലെ പോകണം. എല്ലാ നന്മയോടും കൂടി അത് നിങ്ങളിൽ തന്നെ എത്തിച്ചേരും,” കലാമോഹികളോട് ഷംല പറഞ്ഞു.
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമയിലെ അഭിനയത്തിനാണ് ഷംലയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. കേരളത്തിൽ ഏറെ ചർച്ചയായ ഒരു വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്തത്.
ദുബായിൽ താമസിച്ചിരുന്ന ഷംല ‘ആയിരത്തൊന്ന് നുണകൾ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്. ഈ അവസരം സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ചത് ഭർത്താവിന്റെ പിന്തുണയാണെന്നും ഷംല വ്യക്തമാക്കി. “എന്ത് വരുമെന്ന് വിചാരിച്ച് അവസരങ്ങൾ കളയരുത്. സന്തോഷം തരുന്ന കാര്യമാണെങ്കിൽ അത് ചെയ്യണം,” എന്ന ഭർത്താവിന്റെ വാക്കുകളാണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്നും ഷംല ഓർത്തെടുത്തു.
ഷൂട്ടിങ് തിരക്കുകൾക്കിടയിലും കുടുംബത്തെയും കുഞ്ഞിനെയും ശ്രദ്ധിക്കാൻ സംവിധായകൻ ഫാസിൽ പൂർണ്ണ പിന്തുണ നൽകിയിരുന്നു. എൻജിനീയറിങ്ങിന് പഠിക്കുമ്പോൾ തന്നെ സ്വന്തമായി പാട്ടുകൾ ഉണ്ടാക്കി പാടിയിട്ടുള്ള ഷംല, ഗാനരചനയും തന്റെ സ്വപ്നമാണെന്ന് അറിയിച്ചു. 9 to 5 ജോലിയെക്കാൾ അഭിനയത്തിനാണ് ഇനി പ്രാധാന്യം നൽകുന്നതെന്നും ഷംല കൂട്ടിച്ചേർത്തു.
പരിപാടിക്ക് ശേഷം നടൻ മമ്മൂട്ടി നേരിട്ട് അഭിനന്ദിച്ചപ്പോൾ തനിക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചതിനേക്കാൾ സന്തോഷം തോന്നിയെന്നും ഷംല പറഞ്ഞു. മനോരമ ഓൺലൈൻ അസോഷ്യേറ്റ് പ്രൊഡ്യൂസർ ലക്ഷ്മി പാർവതിയാണ് ചർച്ച നിയന്ത്രിച്ചത്.











