
തിരുവനന്തപുരം: തെന്നിന്ത്യൻ സിനിമാലോകത്തിന് അഭിമാനമായ നായികമാരെ സമ്മാനിച്ച കല്ലറ സരസമ്മ ഓർമ്മയായി. പ്രശസ്ത നടിമാരായ അംബികയുടെയും രാധയുടെയും മാതാവാണ് ഇവർ. 86 വയസ്സായിരുന്നു.
ആദ്യകാല മഹിളാ കോൺഗ്രസ് നേതാവ് എന്ന നിലയിലും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു കല്ലറ സരസമ്മ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്.
സംസ്കാരം ശനിയാഴ്ച
പരേതനായ കുഞ്ഞൻ നായരാണ് സരസമ്മയുടെ ഭർത്താവ്. നവംബർ 29 ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കല്ലറയിലുള്ള വസതിയിൽ വെച്ച് മൃതദേഹം സംസ്കരിക്കും.
അംബിക നായർ, മല്ലിക നായർ, ഉദയചന്ദ്രിക നായർ (രാധ), മല്ലികാർജുൻ നായർ, സുരേഷ് നായർ എന്നിവരാണ് മക്കൾ. ചലച്ചിത്ര താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, പൊതുപ്രവർത്തകർ എന്നിവർ ഉൾപ്പെടെ നിരവധി പേർ അവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
സിനിമയിലേക്കുള്ള മക്കളുടെ പ്രവേശനത്തിന് ശക്തമായ പിന്തുണ നൽകിയ വ്യക്തി എന്ന നിലയിലും കല്ലറ സരസമ്മ ശ്രദ്ധിക്കപ്പെട്ടിരുന്നു.











