മുതിർന്ന നടിമാർക്ക് അവസരമില്ല; സെറ്റുകളിൽ അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെടുന്നു

മലയാള സിനിമയിൽ മുതിർന്ന നടിമാർക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ എണ്ണവും സെറ്റുകളിൽ അവർ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഒരുപോലെ ചർച്ചയാവുന്നു. അടുത്തിടെ നടന്ന ഒരു ചലച്ചിത്ര സെമിനാറിൽ മുതിർന്ന താരങ്ങളായ മല്ലിക സുകുമാരൻ, മാലാ പാർവതി, നീരജ രാജേന്ദ്രൻ തുടങ്ങിയവർ പങ്കുവെച്ച അനുഭവങ്ങളാണ് ഈ വിഷയത്തെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നത് ഷൂട്ടിങ് ലൊക്കേഷനുകളിൽ മുതിർന്ന നടിമാർക്ക് കാരവൻ സൗകര്യം നിഷേധിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ട് എന്ന് നടി മല്ലിക സുകുമാരൻ അഭിപ്രായപ്പെട്ടു. പലപ്പോഴും അമ്മ വേഷങ്ങൾ ചെയ്യുന്ന നടിമാർക്ക് ഈ വേർതിരിവ് അനുഭവിക്കേണ്ടി വരുന്നുണ്ട്.

“പ്രായാധിക്യമുള്ളവരും അസുഖങ്ങളുള്ളവരുമാണ് ഞങ്ങൾ. സെറ്റുകളിൽ ഏറ്റവും അത്യാവശ്യമായി വേണ്ടത് ശുചിമുറി സൗകര്യമാണ്. ഞങ്ങൾ മരുന്നുകൾ കഴിക്കുന്നവരാണ്, ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. എന്നിട്ടും പലപ്പോഴും കാരവൻ അനുവദിക്കാറില്ല,” മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി. കാരവൻ ആവശ്യപ്പെട്ടാൽ പിന്നീട് സിനിമകളിൽ അവസരം ലഭിക്കാതെ വരുമോ എന്ന് ഭയന്ന് പലരും ഈ വിഷയങ്ങൾ തുറന്നുപറയാൻ മടിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.നടി നീരജ രാജേന്ദ്രനും സമാനമായ അനുഭവം പങ്കുവെച്ചു. തുറന്ന സ്ഥലങ്ങളിൽ ഷൂട്ടിങ് നടക്കുമ്പോൾ ശുചിമുറികൾക്കായി ദീർഘദൂരം നടക്കേണ്ടി വന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അവർ ഓർത്തെടുത്തു.

ഇന്നത്തെ സിനിമകളിൽ ‘അമ്മ’ കഥാപാത്രങ്ങൾ അപ്രത്യക്ഷമാവുകയാണോ എന്ന ചോദ്യവും ചർച്ചയിൽ ഉയർന്നു വന്നു. പഴയ കാലത്തെപ്പോലെ വാത്സല്യം നിറഞ്ഞ, ആദർശവതികളായ അമ്മമാരെ ഇന്നത്തെ തലമുറ ‘ക്രിഞ്ച്’ (Cringe) ആയി കണക്കാക്കുന്നുണ്ടെന്ന് നടി മാലാ പാർവതി അഭിപ്രായപ്പെട്ടു. ഇന്നത്തെ സിനിമകളിൽ അമ്മമാർ മൊബൈൽ ഫോണിലെ ഒരു ശബ്ദമായി മാത്രം ഒതുങ്ങുന്നതായും, അമ്മ കഥാപാത്രങ്ങൾ കൂടുതൽ യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കപ്പെടുന്നതായും അവർ പറഞ്ഞു.

എങ്കിലും, സിനിമകളിൽ അമ്മ കഥാപാത്രങ്ങൾ തീർച്ചയായും ആവശ്യമുണ്ട് എന്നും, ഈ കഥാപാത്രങ്ങൾക്ക് നല്ല ഡയലോഗുകൾ നൽകുന്നത് യുവതലമുറയെ സ്വാധീനിക്കാൻ സഹായിക്കുമെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.മലയാള സിനിമയിലെ മുതിർന്ന നടിമാർ നേരിടുന്ന ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് അനിവാര്യമാണ്. അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നത് കലാകാരന്മാരോടുള്ള അവഹേളനമാണ്.