
മൂന്നാറിനടുത്ത് ആനച്ചാലിൽ സ്കൈ ഡൈനിങ് സംവിധാനത്തിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ താഴെയിറക്കുന്ന പ്രക്രിയ പൂർത്തിയാക്കി. ക്രെയിനിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് അഞ്ചുപേരാണ് ആകാശത്ത് കുടുങ്ങിക്കിടന്നത്. കണ്ണൂരിൽ നിന്നുള്ള നാലംഗ കുടുംബവും സ്കൈ ഡൈനിങ് ജീവനക്കാരനുമാണ് സംഘത്തിലുണ്ടായിരുന്നത്.
രക്ഷാപ്രവർത്തനത്തിലൂടെ കുടുങ്ങിയ അഞ്ചുപേരിൽ മൂന്നുപേരെ ആദ്യം തന്നെ താഴെയെത്തിച്ചു. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. ഇവരിൽ രണ്ടര വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. ക്രെയിനിന്റെ സാങ്കേതിക തകരാറാണ് സഞ്ചാരികൾ കുടുങ്ങിക്കിടക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.
സാഹസിക ടൂറിസത്തിന്റെ ഭാഗമായി ഇടുക്കി ആനച്ചാലിൽ അടുത്തിടെയാണ് ‘ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന’ ഈ പദ്ധതി ആരംഭിച്ചത്. ഏകദേശം 120 അടി ഉയരത്തിലാണ് സഞ്ചാരികൾക്ക് ഭക്ഷണം കഴിക്കാനായി ഇരിപ്പിടം ഒരുക്കുന്നത്. അരമണിക്കൂറിലധികം സമയം ആകാശക്കാഴ്ചകൾ ആസ്വദിക്കാനും ഈ പദ്ധതി സൗകര്യം നൽകുന്നുണ്ട്. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഒരു ക്രെയിൻ ഉപയോഗിച്ചാണ് ഈ പ്ലാറ്റ്‌ഫോം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. എന്നാൽ, സാങ്കേതിക തകരാർ മൂലം ക്രെയിൻ താഴ്ത്താൻ കഴിയാതിരുന്നതാണ് ആശങ്ക സൃഷ്ടിച്ച പ്രതിസന്ധിക്ക് കാരണം.











