
പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന ഡ്യൂഡ് എന്ന ചിത്രത്തിന് തിരിച്ചടിയായിരിക്കുകയാണ് മദ്രാസ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. സംഗീതജ്ഞൻ ഇളയരാജയുടെ രണ്ട് പാട്ടുകൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന പരാതിയിൽ, ആ ഗാനങ്ങൾ ചിത്രത്തിൽ നിന്ന് നീക്കണമെന്ന് കോടതി നിർദേശിച്ചു.
തന്റെ പാട്ടുകൾ അനുമതിയില്ലാതെ, മാറ്റം വരുത്തി ഉപയോഗിച്ചതിലൂടെ പകർപ്പവകാശം ലംഘിച്ചതായാണ് ഇളയരാജ കോടതിയെ സമീപിച്ചത്. 1991-ൽ പുറത്തിറങ്ങിയ പുതു നെല്ല് പുതു നാത്തു എന്ന ചിത്രത്തിനായി അദ്ദേഹം ഒരുക്കിയ “കറുത്ത മച്ചാൻ” എന്ന ഗാനമാണ് ഡ്യൂഡ്ൽ റീമേക്ക് ചെയ്ത് ഉൾപ്പെടുത്തിയിരുന്നത്. കൂടാതെ പണക്കാരൻ എന്ന ചിത്രത്തിലെ “നൂറ് വർഷം ഇന്ത മാപ്പിളയ്ക്ക്” എന്ന പാട്ടും അനുമതിയില്ലാതെ ഉപയോഗിച്ചതായി പരാതിയിൽ പറയുന്നുണ്ട്. ഈ രണ്ടും ചിത്രത്തിൽ നിന്ന് നീക്കണമെന്ന് കോടതി വ്യക്തമാക്കുന്നു.
പാട്ടുകൾ ഉപയോഗിക്കാൻ സോണി മ്യൂസിക്കിന്റെ ഉടമസ്ഥരായ എക്കോ റെക്കോർഡ്സിൽ നിന്ന് അനുവാദം ലഭിച്ചതാണെന്ന് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് കോടതിയിൽ വാദിച്ചെങ്കിലും, ഇരു വാദങ്ങളും കേട്ട ശേഷം ഇളയരാജയുടെ പകർപ്പവകാശ ലംഘന ആരോപണം നിലനിൽക്കുന്നുവെന്ന് കോടതി കണ്ടെത്തി.











