മലയാള സിനിമയെ പ്രശംസിച്ച് ‘മിർസാപൂർ’ താരം: അലി ഫസലും റോഷൻ മാത്യുവും ഹോർത്തൂസിൽ സംവദിച്ചു

കൊച്ചി: മലയാള മനോരമയുടെ ‘ഹോർത്തൂസ് 2025’ ആർട്ട് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ബോളിവുഡ് താരം അലി ഫസലും മലയാളത്തിന്റെ യുവതാരം റോഷൻ മാത്യുവും പങ്കെടുത്ത സംവാദം ശ്രദ്ധേയമായി. അഭിനയ ലോകത്തെ അനുഭവങ്ങളും തങ്ങളുടെ പുതിയ സ്വപ്നങ്ങളും പങ്കുവെച്ച താരങ്ങളുടെ വാക്കുകൾ സദസ്സ് കയ്യടിയോടെയാണ് സ്വീകരിച്ചത്.

മലയാളം പഠിക്കുന്ന ‘ഗുഡ്ഡു’

‘ബിറ്റ്‌വീൻ ലാംഗ്വിജസ്: എക്രോസ് സ്ക്രീൻസ്: ദ് ആക്ടേഴ്സ് ആർക്ക്’ എന്ന സെഷനിലാണ് ഇരുവരും ഒരുമിച്ചത്. മലയാള സിനിമയുമായി സഹകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞ അലി ഫസൽ, താൻ മലയാളം പഠിച്ചുതുടങ്ങിയെന്ന് വെളിപ്പെടുത്തി. “മലയാളം ഒരു കടുകട്ടി ഭാഷയാണ്. എങ്കിലും ഒരു മാഷിൻ്റെ സഹായത്തോടെ പിച്ചവച്ചു തുടങ്ങിയിട്ടേ ഉള്ളൂ. കഷ്ടപ്പെട്ടിട്ടാണെങ്കിലും മലയാളം പഠിച്ചെടുക്കുക എന്നത് എൻ്റെ സ്വപ്നമാണ്,” അലി ഫസൽ പറഞ്ഞു.

അടുത്തകാലത്ത് കണ്ട സിനിമകളിൽ ‘ഭ്രമയുഗ’മാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, താനും ഭാര്യ റിച്ച ഛദ്ദയും ചേർന്ന് ‘അണ്ടർ കറൻ്റ്’ എന്ന പേരിൽ ഒരു നിർമ്മാണ സംരംഭം ആരംഭിച്ചതായും, സിനിമാ മേഖലയിലെ വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന വകുപ്പുകൾ അതിനു കീഴിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അഭിനയത്തിൻ്റെ ‘ആർട് ഓഫ് ഡിറ്റാച്ച്മെൻ്റ്’

നാടകവേദിയിൽ നിന്നുള്ള തൻ്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് റോഷൻ മാത്യുവും സംസാരിച്ചു. അഭിനയത്തിലേക്ക് വരുന്നതിന് മുൻപ് ‘ആർട് ഓഫ് ഡിറ്റാച്ച്മെൻ്റ്’ (വേർപെട്ടുനിൽക്കാനുള്ള കല) പഠിക്കണമെന്ന് റോഷൻ അഭിപ്രായപ്പെട്ടു. “പ്രിയപ്പെട്ടവരോടും, പ്രിയപ്പെട്ട കാര്യങ്ങളോടും പിരിഞ്ഞുനിൽക്കേണ്ടി വരുന്ന അവസ്ഥയെ മറികടക്കാൻ ഇത് സഹായിക്കും,” റോഷൻ പറഞ്ഞു.

ഒരു അവസരത്തിനുവേണ്ടി ഏറെ കഷ്ടപ്പെട്ട ശേഷമാണ് താൻ സ്വന്തമായി തിയേറ്റർ ഗ്രൂപ്പ് തുടങ്ങിയതെന്നും, സിനിമയിലെ ആദ്യ വേഷം ഒരു കൊടുംവില്ലൻ്റേതായിരുന്നുവെന്നും റോഷൻ ഓർത്തെടുത്തു. ഹിന്ദി സിനിമകളിൽ ദക്ഷിണേന്ത്യൻ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തമാശകളും അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.