ദേശീയ അവാർഡിൽ അട്ടിമറി നടന്നു; അന്ന് മികച്ച നടനും, സംവിധായകനും, ചിത്രത്തിനുമുള്ള അവാർഡ് ലഭിക്കേണ്ടത് എനിക്ക്” – വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ.

മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായ ബാലചന്ദ്ര മേനോൻ, 1997-ൽ താൻ സംവിധാനം ചെയ്ത് അഭിനയിച്ച ‘സമാന്തരങ്ങൾ’ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരങ്ങൾ നിഷേധിക്കപ്പെട്ടതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. സിനിമ ജീവിതത്തിന്റെ അമ്പത് വർഷം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹം ഈ വിഷയം തുറന്നുപറഞ്ഞത്.

മലയാളി ജൂറി അംഗത്തിന്റെ ഇടപെടൽ കാരണം ‘സമാന്തരങ്ങൾ’ക്ക് നിശ്ചയിച്ചിരുന്ന മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് അട്ടിമറിക്കപ്പെട്ടതെന്നാണ് ബാലചന്ദ്ര മേനോൻ വെളിപ്പെടുത്തിയത്.പുരസ്‌കാരം സ്വീകരിക്കാനായി ഡൽഹിയിലെത്തിയപ്പോൾ ജൂറി അംഗമായിരുന്ന ഖണ്ഡേൽവാൾ തന്നെ നേരിട്ട് കണ്ട് കുറ്റബോധത്തോടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ബാലചന്ദ്ര മേനോൻ പറഞ്ഞു.

“ബി. സരോജദേവി അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. എന്റെ ഭാര്യ നിർമ്മിച്ച ‘സമാന്തരങ്ങൾ’ എന്ന സിനിമയ്ക്ക് മികച്ച സിനിമ, എനിക്ക് മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ നൽകാനായിരുന്നു ജൂറി ഏകദേശം തീരുമാനിച്ചത്. എന്നാൽ, മൂന്ന് പ്രധാന അവാർഡുകളും ഒരേ സിനിമയ്ക്ക് നൽകുന്നതിനെ എതിർത്തുകൊണ്ട് ചിലർ ഈ തീരുമാനം അട്ടിമറിച്ചു. ആ അട്ടിമറിയിൽ മലയാളി ജൂറി അംഗവും ഉണ്ടായിരുന്നു എന്നത് തന്നെ ഞെട്ടിച്ചു,” ഖണ്ഡേൽവാൾ തന്നോട് പറഞ്ഞതായി ബാലചന്ദ്ര മേനോൻ വ്യക്തമാക്കി.

ഖണ്ഡേൽവാൾ പിന്നീട് ക്യാമറയ്ക്ക് മുന്നിലും ഇക്കാര്യം തുറന്നുപറഞ്ഞെങ്കിലും, താൻ അത് ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അട്ടിമറിക്കപ്പെട്ടുവെന്ന് ബാലചന്ദ്ര മേനോൻ ആരോപിക്കുന്ന വർഷം (1997) ‘സമാന്തരങ്ങൾ’ക്ക് ‘മികച്ച കുടുംബ ക്ഷേമ ചിത്രം’ എന്ന വിഭാഗത്തിൽ മാത്രമാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്.

1997 ൽ കളിയാട്ടം എന്ന ചിത്രത്തിലെ പ്രകടനത്തിന് സുരേഷ് ഗോപിയും സമാന്തരങ്ങൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് ബാലചന്ദ്ര മേനോനും മികച്ച നടനുള്ള അവാർഡ് പങ്കിടുകയായിരുന്നു. മികച്ച കുടുംബ ക്ഷേമ ചിത്രം എന്ന വിഭാഗത്തിലായിരുന്നു സമാന്തരങ്ങൾക്ക് പുരസ്കാരം ലഭിച്ചത്. കളിയാട്ടം എന്ന ചിത്രത്തിലൂടെ ജയരാജ് ആയിരിന്നു ആ വർഷത്തെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഈ വെളിപ്പെടുത്തൽ മലയാള സിനിമാ മേഖലയിലും അവാർഡ് നിർണയത്തിലെ പക്ഷപാതപരമായ ഇടപെടലുകളെക്കുറിച്ചും വീണ്ടും ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.