
കാസർകോട്: പ്രവാസിയുടെ വീട്ടിൽ നിന്ന് അഴിച്ചുവെച്ച എയർ കണ്ടീഷണർ (AC) മോഷ്ടിച്ച സംഭവത്തിൽ വഴിത്തിരിവ്. ദുബായിലിരുന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച വീട്ടുടമ മോഷണം നടന്ന വിവരം പോലീസിനെ അറിയിച്ചതോടെ പ്രതികളെ പിടികൂടുകയും മോഷണം പോയ എസി കണ്ടെത്തുകയും ചെയ്തു.
കാസർകോട് പൊയിനാച്ചിയിലാണ് സംഭവം. പരാതിയില്ലെന്ന് വീട്ടുടമ അറിയിച്ചതിനെ തുടർന്ന് നാടോടി സ്ത്രീകളായ പ്രതികളെ പോലീസ് താക്കീത് നൽകി വിട്ടയച്ചു.
ദുബായിൽ താമസിക്കുന്ന വീട്ടുടമയും കുടുംബവും നാട്ടിലെ വീട് നോക്കാൻ ഒരു കെയർ ടേക്കറെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കെയർ ടേക്കർ സ്ഥലത്തില്ലാത്ത സമയത്താണ് സംഭവം. ഈ അവസരത്തിൽ മൂന്ന് നാടോടി സ്ത്രീകൾ വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കയറി വീടിന് ചുറ്റും പരിശോധന നടത്തി. മുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി ശ്രദ്ധയിൽപ്പെട്ട ഇവർ, മൂന്ന് പേരും ചേർന്ന് ഇത് എടുത്ത് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
എന്നാൽ, ഫോൺ വഴി വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച വീട്ടുടമ മോഷണം നടന്ന വിവരം അറിയുകയും, ഉടൻ തന്നെ കെയർ ടേക്കറെയും മേൽപ്പറമ്പ് പോലീസിനെയും വിവരമറിയിക്കുകയും ചെയ്തു.
പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. കളനാടുള്ള ഒരു ആക്രിക്കടയിലാണ് മോഷണം പോയ എസി വിറ്റതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എസി എത്തിച്ച സ്ത്രീകളെ കടയുടമയ്ക്ക് പരിചയമുണ്ടായിരുന്നതിനാൽ, ഇവരുടെ താമസസ്ഥലം പോലീസിന് കണ്ടെത്താനായി. തുടർന്ന് മൂന്ന് സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ, വീട്ടുടമ പരാതിയില്ലെന്ന് അറിയിച്ചതോടെ കേസ് ഒഴിവാക്കുകയായിരുന്നു. ആക്രിക്കടയിൽ നിന്ന് എസി തിരികെ വീട്ടുടമയ്ക്ക് ലഭിച്ചു. മേലിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുത് എന്ന് താക്കീത് നൽകിയ ശേഷം പോലീസ് മൂന്ന് സ്ത്രീകളെയും വിട്ടയച്ചു.











