മലയാള സിനിമയുടെ ഓൾറൗണ്ടർ; ബാലചന്ദ്ര മേനോന്റെ 50 വർഷത്തെ ചലച്ചിത്ര ജീവിതത്തിന് തിരുവനന്തപുരത്ത് ആദരം

തിരുവനന്തപുരം: മലയാള സിനിമയിലെ അതുല്യ പ്രതിഭയും ഓൾറൗണ്ടറുമായ ബാലചന്ദ്ര മേനോൻ സിനിമാ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങൾ തിരുവനന്തപുരത്ത് നടന്നു. ചലച്ചിത്രരംഗത്തെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് അദ്ദേഹത്തിന് സ്നേഹാദരം അർപ്പിച്ചു.

നവംബർ 29ന് ടാഗോർ തിയേറ്ററിൽ നടന്ന ‘ബാലചന്ദ്ര മേനോൻ @ 50’ എന്ന ചടങ്ങിൽ നടൻ ജഗതി ശ്രീകുമാർ, നടനും എം.എൽ.എയുമായ മുകേഷ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. തന്റെ ആദ്യ നാടകത്തിലെ നായികയെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് ബാലചന്ദ്ര മേനോൻ തന്റെ സിനിമാക്കഥകളുടെ ഓർമ്മകൾ പങ്കുവെച്ചത് സദസ്സിന് നവ്യാനുഭവമായി. ബാലചന്ദ്ര മേനോൻ രൂപീകരിച്ച ‘റോസസ് ദി ഫാമിലി ക്ലബ്ബിന്റെ’ 34-ാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ഈ ആദരം സംഘടിപ്പിച്ചത്.

മലയാള സിനിമയിൽ സംവിധാനം, അഭിനയം, തിരക്കഥ, നിർമ്മാണം, എഡിറ്റിങ്, സംഗീത സംവിധാനം, ഗാനം തുടങ്ങിയ പത്തോളം മേഖലകളിൽ ഒരേസമയം പ്രവർത്തിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് ബാലചന്ദ്ര മേനോൻ. 1975-ൽ സിനിമാ വാരിക റിപ്പോർട്ടറായിട്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശം. 1978-ൽ ‘ഉത്രാടരാത്രി’ എന്ന സിനിമ സംവിധാനം ചെയ്തു. ‘സമാന്തരങ്ങൾ’ എന്ന സിനിമയിലെ അഭിനയത്തിന് 1997-ൽ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

അതേസമയം, 1997-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ തന്റെ സിനിമയായ ‘സമാന്തരങ്ങൾ’ മികച്ച സിനിമ, മികച്ച സംവിധായകൻ എന്നീ പുരസ്കാരങ്ങൾ നേടുന്നതിൽ നിന്ന് മലയാളിയായ ഒരു ജൂറി അംഗത്തിന്റെ ഇടപെടൽ കാരണം തഴയപ്പെട്ടു എന്നും അദ്ദേഹം വെളിപ്പെടുത്തി. താൻ ആഗ്രഹിച്ചതുപോലെ തന്റെ സിനിമയ്ക്ക് പുരസ്‌കാരങ്ങൾ ലഭിക്കാതെ പോയത് കരിയറിലെ മറക്കാനാവാത്ത കയ്പേറിയ അനുഭവമായി എന്നും അദ്ദേഹം ഓർത്തെടുത്തു.