ടോളിവുഡ് താരം വരുൺ സന്ദേശ് ശബരിമലയിൽ; അഞ്ചാം തവണ മല ചവിട്ടി

തെലുങ്ക് സിനിമയിലെ ശ്രദ്ധേയനായ യുവനടൻ വരുൺ സന്ദേശ് ശബരിമലയിൽ ദർശനം നടത്തി. ഇത് അഞ്ചാമത്തെ തവണയാണ് താരം അയ്യപ്പ ദർശനത്തിനായി മല ചവിട്ടുന്നത്. തിങ്കളാഴ്ച പുലർച്ചെ 3 മണിക്ക് നട തുറന്ന സമയത്താണ് വരുൺ സന്ദേശ് ദർശനം നടത്തിയത്.

ഹൈദരാബാദിൽ നിന്ന് ഇരുമുടിക്കെട്ടുമായി എത്തിയ താരം, നെയ്യഭിഷേകം ഉൾപ്പെടെയുള്ള പ്രധാന വഴിപാടുകൾ നടത്തിയ ശേഷം 4:30 ഓടെ മലയിറങ്ങി. അഞ്ച് പേർ അടങ്ങുന്ന സംഘത്തോടൊപ്പമാണ് വരുൺ സന്ദേശ് എത്തിയത്.

“ഇതെന്റെ അഞ്ചാമത്തെ വരവാണ്. അയ്യപ്പ ഭക്തി വളരെ വലുതാണ്,” വരുൺ സന്ദേശ് മാധ്യമങ്ങളോട് പറഞ്ഞു. 2009-ൽ മുത്തച്ഛനും തെലുങ്ക് എഴുത്തുകാരനുമായ ജി.ഡി. ഗുണ്ട രാമചന്ദ്ര മൂർത്തിക്ക് അസുഖം ബാധിച്ചതിനെ തുടർന്നുള്ള നേർച്ചയായിട്ടാണ് താൻ ആദ്യമായി ശബരിമലയിൽ വന്നതെന്നും അതിനുശേഷം മൂന്ന് തവണ കൂടി ദർശനം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ശബരിമലയിലേക്കുള്ള ഓരോ യാത്രയും ഒരു പ്രത്യേക അനുഭൂതിയാണ്,” വരുൺ വ്യക്തമാക്കി. സന്നിധാനത്തും വഴിയിലും ഒരുക്കിയ സൗകര്യങ്ങളിൽ തൃപ്തനാണെന്ന് താരം അധികൃതരെ അറിയിച്ചു.

‘ഹാപ്പി ഡേയ്‌സ്’, ‘കൊത്ത ബംഗാര ലോകം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് വരുൺ സന്ദേശ് ശ്രദ്ധേയനായത്.

അതേസമയം, മണ്ഡല-മകരവിളക്ക് തീർഥാടന കാലം 15 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 13 ലക്ഷം കടന്നു. നവംബർ 16 മുതൽ നവംബർ 30 വൈകിട്ട് 7 മണി വരെ 12,47,954 തീർഥാടകരാണ് ദർശനം നടത്തിയത്. ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ 12 മുതൽ വൈകിട്ട് 7 വരെ 50,264 പേർ മലകയറി. നിലവിൽ തിരക്ക് കുറവായതിനാൽ തീർഥാടകർക്ക് സുഖദർശനം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഭക്തർ.