
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഡിസംബർ 9, 11 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതത് ജില്ലകളിലാണ് പൊതു അവധി ബാധകമാവുക.
ഡിസംബർ 9: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു.ഡിസംബർ 11: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾക്കായിരിക്കും അവധി.ഈ ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
നേരത്തെ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ അതത് ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധിയും അനുവദിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ, മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും പൊതുഅവധി ലഭ്യമാക്കുകയോ, അല്ലെങ്കിൽ അവർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിന് സൗകര്യം നൽകാൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകുകയോ ചെയ്യണമെന്ന് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ, കേന്ദ്ര സർക്കാർ വകുപ്പുകളിലെയും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിനോടും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ് സമയം.











