അവളുടെ ലോകം നവാസിക്കയായിരുന്നു”; കലാഭവൻ നവാസിന്റെ ഓർമ്മകളിൽ വിതുമ്പി ഷാജു ശ്രീധറും ചാന്ദ്നിയും

മലയാള സിനിമാ, മിമിക്രി രംഗത്തെ സജീവ സാന്നിധ്യമായിരുന്ന നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിന് വലിയ ഞെട്ടലാണ് നൽകിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇപ്പോഴിതാ, അടുത്ത സുഹൃത്തായിരുന്ന നവാസിന്റെ ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെക്കുകയാണ് നടൻ ഷാജു ശ്രീധറും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ചാന്ദ്നിയും. നവാസുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ഇരുവർക്കും അടുത്ത ബന്ധമുണ്ടായിരുന്നു.

നവാസിന്റെ ഭാര്യ രഹ്നയെക്കുറിച്ചും അദ്ദേഹത്തിന്റെ കരുതലിനെക്കുറിച്ചും ചാന്ദ്നി വികാരാധീനയായി സംസാരിച്ചു. “രഹ്ന പൂർണ്ണമായും നവാസിക്കയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. എന്നാൽ നവാസിക്ക കുറച്ചുകാലമായി ഇതൊക്കെ അറിഞ്ഞതുപോലെയാണ് പെരുമാറിയിരുന്നത് എന്ന് അവൾ ഇപ്പോൾ പറയുന്നു. അദ്ദേഹം അവളെ ഡ്രൈവിംഗ് പഠിപ്പിച്ചു, കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് പറഞ്ഞ് കൊടുത്തു. ഇപ്പോൾ ആലോചിക്കുമ്പോൾ, കുടുംബജീവിതത്തിൽ നടന്ന പല കാര്യങ്ങളും അങ്ങനെയൊരു സൂചന നൽകിയിരുന്നു എന്ന് രഹ്ന പറയുന്നു.

അവളുടെ ലോകം നവാസിക്കയായിരുന്നു. ‘സമയം’ എന്ന സീരിയലിൽ എന്റെ അനിയത്തിയായിട്ടാണ് അവൾ അഭിനയിച്ചത്. അന്ന് തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം. കല്യാണം കഴിഞ്ഞ ശേഷവും നവാസിക്ക അവളെ എറണാകുളത്ത് എന്റെ വീട്ടിൽ കൊണ്ടുവരാറുണ്ടായിരുന്നു. ഞങ്ങളുടെ വിവാഹ വാർഷികം ഒരേ ദിവസമാണ്. ഈ തവണ ഞാൻ സ്റ്റാറ്റസൊന്നും ഇട്ടില്ല. അന്ന് വല്ലാതെ അവരെ മിസ് ചെയ്തു. കാരണം ഞങ്ങൾ പരസ്പരം വിഷ് ചെയ്തിരുന്നവരാണ്, അഭിമുഖത്തിൽ ചാന്ദ്നി പറഞ്ഞു.

ഷാജു ശ്രീധറും നവാസിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. “നവാസിന്റെ ഒരുപാട് വീഡിയോകൾ എന്റെ കൈവശമുണ്ട്. മരണം നടന്ന അന്ന് ഉച്ചയ്ക്കും ഞങ്ങൾ സംസാരിച്ചു. കുറേ നാളുകൾക്ക് ശേഷമാണ് അന്ന് സംസാരിച്ചത്. ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ ഷൂട്ട് കാരണം പിന്നെ വിളിക്കാമെന്ന് പറഞ്ഞു. പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെ വിളിച്ച് വിശേഷങ്ങളെല്ലാം പറഞ്ഞിരുന്നു,” ഷാജു ശ്രീധർ ഓർമ്മകൾ പങ്കുവെച്ചു.