കാർ യാത്രയിലെ രഹസ്യങ്ങളുമായി ‘ദ് റൈഡ്’; ആകാംഷ നിറച്ച് ട്രെയിലർ പുറത്ത്

മലയാള ചലച്ചിത്ര ലോകത്ത് ആകാംഷയുടെ തരംഗം സൃഷ്ടിച്ച് പുതിയ ത്രില്ലർ ചിത്രമായ ‘ദ് റൈഡി’ന്റെ (The Ride) ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു കാർ യാത്രയെയും ആ യാത്രയിൽ വെളിപ്പെടുന്ന യാത്രക്കാരുടെ നിഗൂഢമായ രഹസ്യങ്ങളെയും കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മികച്ചൊരു സസ്‌പെൻസ് ത്രില്ലറായിരിക്കും ‘ദ് റൈഡ്’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. സിനിമയുടെ അണിയറ പ്രവർത്തകർക്കും ശ്രദ്ധേയമായ കൈയൊപ്പുണ്ട്. ഈ വർഷത്തെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം ‘കിഷ്കിന്ദകാണ്ഡം’ എന്ന ചിത്രത്തിലൂടെ നേടിയ സൂരജ് ഇ.എസ് ആണ് ‘ദ് റൈഡി’ന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ബാബ തസാദുഖ് ഹുസൈനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. റീന ഒബ്റോയ് ക്രിയേറ്റീവ് പ്രൊഡ്യൂസറായും ശശി ദുബൈ ഹെഡ് ഓഫ് പ്രൊഡക്ഷനായും പ്രവർത്തിക്കുന്നു. നിതീഷ് രാംഭദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജിത മേനോനാണ് മലയാളം അഡാപ്റ്റേഷൻ ചെയ്തിരിക്കുന്നത്.

ഫിയോക്ക് ആണ് ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്. ട്രെയിലർ നൽകുന്ന ദൃശ്യഭംഗിയും ഉദ്വേഗവും കാരണം മികച്ചൊരു തിയേറ്റർ അനുഭവമാകും ‘ദ് റൈഡ്’ എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.