ചലച്ചിത്ര നിർമ്മാതാവ് എ.വി.എം ശരവണൻ അന്തരിച്ചു; സിനിമാ ലോകത്തിന് തീരാനഷ്ടം

ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമാ ലോകത്തിന് കനത്ത നഷ്ടം. എവിഎം പ്രൊഡക്ഷൻസിൻ്റെ ഉടമയും മുതിർന്ന ചലച്ചിത്ര നിർമ്മാതാവുമായ എ.വി.എം ശരവണൻ (AVM Saravanan) അന്തരിച്ചു. 86 വയസ്സായിരുന്നു. 86-ാം ജന്മദിനം ആഘോഷിച്ചതിൻ്റെ തൊട്ടടുത്ത ദിവസമാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹത്തിൻ്റെ അന്ത്യം സംഭവിച്ചത്.

എവിഎം പ്രൊഡക്ഷൻസിന്റെ സ്ഥാപകനായ എ.വി. മെയ്യപ്പന്റെ മകനാണ് ശരവണൻ. 1950-കളുടെ അവസാനത്തിൽ സഹോദരൻ എം. ബാലസുബ്രഹ്മണ്യനൊപ്പം അദ്ദേഹം കമ്പനിയുടെ ചുമതല ഏറ്റെടുത്തു. എം. ശരവണൻ്റെ നേതൃത്വത്തിൽ എവിഎം പ്രൊഡക്ഷൻസ് നിലവാരമുള്ള ചിത്രങ്ങളുടെ പര്യായമായി മാറി.

‘നാനും ഒരു പെൺ’ (1963), ‘സംസാരം അതു മിൻസാരം’ (1986), ‘മിൻസാര കനവ്’ (1997), രജനികാന്തിന്റെ ‘ശിവാജി: ദ് ബോസ്’ (2007), വിജയ്‌യുടെ ‘വേട്ടൈക്കാരൻ’ (2009), ‘അയൻ’ (2009) തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 2010-ൽ ആയിരുന്നു എവിഎം പ്രൊഡക്ഷൻസിന്റെ ബാനറിലുള്ള അവസാന ഫീച്ചർ ഫിലിം റിലീസ് ചെയ്തത്. ഇപ്പോഴും പരസ്യ നിർമ്മാണ രംഗത്തും ഒടിടി സംരംഭങ്ങളിലും സ്റ്റുഡിയോ സജീവമാണ്.

ചെന്നൈയിലെ എവിഎം സ്റ്റുഡിയോസിൽ ഇന്ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക് 3:30 വരെ മൃതദേഹം പൊതുദർശനത്തിന് വെക്കും. നിർമ്മാതാവ് കൂടിയായ മകൻ എം.എസ്. ഗുഹാനും പേരക്കുട്ടികളായ അരുണ ഗുഹാനും അപർണ ഗുഹാനുമാണ് എവിഎം സ്റ്റുഡിയോസിൻ്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.