‘ഹാൽ ‘ സിനിമയിലെ വിവാദം: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചിത്രം കാണും; ആക്ഷേപം തെറ്റെങ്കിൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

കൊച്ചി: മലയാള സിനിമ ‘ഹാൽ ‘ (Haal) ന്റെ പ്രദർശനാനുമതി സംബന്ധിച്ച വിവാദത്തിൽ, സിനിമ കണ്ട ശേഷം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിനിമയിലെ രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് കത്തോലിക്കാ കോൺഗ്രസ് നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരിയും പി.വി. ബാലകൃഷ്ണനും അടങ്ങിയ ബെഞ്ചിന്റെ നിർണായക തീരുമാനം.

ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ സിനിമ കണ്ട ശേഷം, സെൻസർ ബോർഡ് നിർദേശിച്ച കട്ടുകളും ‘എ’ സർട്ടിഫിക്കറ്റും റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് കത്തോലിക്കാ കോൺഗ്രസ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

ബുധനാഴ്ച വൈകിട്ട് 7 മണിക്ക് കൊച്ചിയിലെ സ്വകാര്യ സ്റ്റുഡിയോയിൽ ജഡ്ജിമാർക്ക് വേണ്ടി സിനിമയുടെ പ്രത്യേക പ്രദർശനം നിർമ്മാതാക്കൾ ഒരുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.

ആക്ഷേപം തെറ്റെങ്കിൽ പിഴ:

അതേസമയം, അപ്പീലിൽ ഉന്നയിച്ച ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയാൽ കനത്ത പിഴ (Exemplary Costs) ചുമത്തേണ്ടി വരുമെന്ന് കത്തോലിക്കാ കോൺഗ്രസിന് ഡിവിഷൻ ബെഞ്ച് വാക്കാൽ മുന്നറിയിപ്പ് നൽകി. സിംഗിൾ ബെഞ്ച് നേരത്തെ അനുകൂല വിധി നൽകിയ സാഹചര്യത്തിൽ, അനാവശ്യമായി വീണ്ടും കോടതിയെ സമീപിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് കോടതി വ്യക്തമാക്കിയത്.

ചിത്രം കണ്ടതിന് ശേഷം കേസ് ഇന്ന് (ഡിസംബർ 4) വീണ്ടും പരിഗണിക്കും. ഷെയ്ൻ നിഗം നായകനായ ‘ഹാൽ’ സിനിമയുടെ റിലീസ് സെൻസർ ബോർഡ് പ്രശ്നങ്ങളെ തുടർന്ന് മാസങ്ങളായി വൈകുകയാണ്.