“ബോളിവുഡ് മുതലകൾ നിറഞ്ഞ ഇടം”; മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ദിവ്യ ഖോസ്‌ല

മുംബൈ: ബോളിവുഡിലെ മത്സരങ്ങളെയും വിഷലിപ്തമായ അന്തരീക്ഷത്തെയും കുറിച്ച് തുറന്നു പറഞ്ഞ് നടി ദിവ്യ ഖോസ്‌ല. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ ആരാധകരുമായി നടത്തിയ ‘എന്തും ചോദിക്കാം’ (AMA – Ask Me Anything) സെഷനിലാണ് ദിവ്യയുടെ വെളിപ്പെടുത്തൽ. ബോളിവുഡിനെ “മുതലകൾ നിറഞ്ഞ ഒരിടം” എന്നാണ് അവർ വിശേഷിപ്പിച്ചത്.

മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കുന്നു എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദിവ്യ. “ബോളിവുഡ് മുതലകൾ ചുറ്റുമുള്ള ഒരിടമാണെന്ന് എനിക്ക് തോന്നുന്നു. അതിലൂടെ നമ്മൾ സാഹസികമായി മുന്നോട്ട് പോകണം,” ദിവ്യ പറഞ്ഞു.

“ആത്മാവിനെ വിൽക്കില്ല”

ഈ പ്രതികൂല സാഹചര്യങ്ങളിൽ പോസിറ്റീവായി ഇരിക്കാൻ സഹായിക്കുന്നത് എന്താണെന്ന ചോദ്യത്തിന്, “നമ്മൾ ആരാണോ, അതിൽ സത്യസന്ധരായി തുടരുക എന്നതാണ് ഏറ്റവും പ്രധാനം. ജോലി ലഭിക്കാൻ വേണ്ടി ഞാൻ ഒരിക്കലും എന്റെ ആത്മാവിനെ വിൽക്കില്ല. കിട്ടിയാൽ കിട്ടി, ഇല്ലെങ്കിൽ സാരമില്ല. നമ്മൾ മുകളിലെത്തുമ്പോൾ നല്ല കർമ്മത്തിന്റെ ഫലം കൂടെ കൊണ്ടുപോകാനുണ്ടായിരിക്കണം” എന്നും അവർ കൂട്ടിച്ചേർത്തു.

ഗോസിപ്പുകളോട് പ്രതികരണം

ടി-സീരീസ് മേധാവി ഭൂഷൺ കുമാറുമായുള്ള വിവാഹബന്ധം വേർപെടുത്തിയെന്ന വാർത്തകളെക്കുറിച്ചും ദിവ്യ പ്രതികരിച്ചു. “ഞങ്ങൾ വിവാഹമോചിതരായിട്ടില്ല. എന്നാൽ മാധ്യമങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നുന്നു,” എന്നായിരുന്നു താരത്തിന്റെ മറുപടി.

ശരീരത്തിൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, “ഇല്ല” എന്ന് താരം തമാശരൂപേണ മറുപടി നൽകി. കൂടാതെ, തന്റെ പ്രായം കുറച്ച് കാണിക്കാൻ ശ്രമിക്കുന്നു എന്ന വിമർശനങ്ങളെയും അവർ തള്ളിപ്പറഞ്ഞു.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ഏക് ചതുർ നർ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ദിവ്യ ഖോസ്‌ലയുടെ അഭിപ്രായ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.